
കെയ്റോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സെനഗലിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ(Mohamed Salah). ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്‍മാരായ സെനഗല്‍ ഈജിപ്തിനെ മറികടന്നത്. ഷൂട്ടൗട്ടില്‍ സലാ എടുത്ത കിക്ക് പുറത്തുപോയിരുന്നു.
ഇതിന് പിന്നാലെ ടീം അംഗങ്ങളോട് ലോക്കര്‍ റൂമില്‍ സംസാരിക്കവെയാണ് 29കാരനായ സലാ വിരമിക്കല്‍ സൂചന നല്‍കിയത്. നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ കൂടെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചവരുടെ സംഘമാണ് നിങ്ങള്‍. കൂടുതലൊന്നും എനിക്ക് പറയാനില്ല. നിങ്ങള്‍ക്കൊപ്പം കളിക്കാനായത് തന്നെ വലിയ ആദരവായി കാണുന്നു. ഞാനിനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും എന്നായിരുന്നു സലായുടെ വാക്കുകള്‍. ഈജിപ്തിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സലാ 47 ഗോളുകള്‍ നേടിയിട്ടുണ്ട്.
2011ല്‍ ഈജിപ്തിനായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സലാ 2017ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കോംഗോക്കെതിരെ അവസാന നിമിഷം നേടിയ ഗോളില്‍ ടീമിന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈജിപ്ത് സെനഗലിന് മുമ്പില്‍ മുട്ടുമടക്കുന്നത്.
ഫെബ്രുവരിയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ കിരീടം നേടിയിരുന്നു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്വന്തം നാട്ടില്‍ നടന്ന ആദ്യപാദത്തില്‍ ഈജിപ്ത് 1-0ന് ജയിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ഈജിപ്തിന്‍റെ ഹംദി ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ സെനഗല്‍ കടംവീട്ടി ഒപ്പമെത്തി. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
അതിനിടെ മത്സരത്തില്‍ സലാ അടക്കം ഈജിപ്തിന്‍റെ കളിക്കാരുടെ മുഖത്തേത്ത് സെനഗല്‍ ആരാധകര്‍ ലേസര്‍ ലൈറ്റ് അടിച്ച് ശ്രദ്ധ തെറ്റിച്ചതിനാല്‍ മത്സരം വീണ്ടും നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഷൂട്ടൗട്ടില്‍ പെനല്‍റ്റി കിക്കെടുക്കാന്‍ നില്‍ക്കുന്ന സലായുടെ മുഖത്തേക്ക് ലേസര്‍ ലൈറ്റ് അടിക്കുന്നതില്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരം കൂടിയായ സലാ ക്ലബ്ബിനായി 172 മത്സരങ്ങളില്‍ 115 ഗോളുകള്‍ അടിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!