എതിരാളികളുടെ വലനിറയ്ക്കാന്‍ മഞ്ഞപ്പടയുടെ മുന്നണിയില്‍ ഇനി മുഹമ്മദ്‌ റാഫിയും

By Web TeamFirst Published Aug 28, 2019, 6:18 PM IST
Highlights

എടികെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. ചെന്നൈ എഫ്സി,  ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ എഫ്സി, ഡിഎസ്‌കെ ശിവാജിയൻസ്,  മുംബൈ ടൈഗേഴ്‌സ്  എന്നീ ക്ലബ്ബുൾക്കായും റാഫി കളിച്ചിട്ടുണ്ട്

കൊച്ചി: മലയാളി സെന്റർ ഫോർവേഡ് മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ 2004ൽ എസ്‌ബിടിയിലൂടെയാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2009-10 ഐ ലീഗിൽ ഒരിന്ത്യൻ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14 ഗോളുകൾ നേടിക്കൊണ്ട്  മഹീന്ദ്ര യുണൈറ്റഡിന്റെ പ്ലയര്‍ ഓഫ് ദി ഇയർ പുരസ്‌കാരം നേടി.

ഹെഡ്ഡറുകളിലൂടെ ഗോളുകൾനേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി. എടികെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. ചെന്നൈയിന്‍ എഫ്സി,  ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ എഫ്സി, ഡിഎസ്‌കെ ശിവാജിയൻസ്,  മുംബൈ ടൈഗേഴ്‌സ്  എന്നീ ക്ലബ്ബുൾക്കായും റാഫി കളിച്ചിട്ടുണ്ട്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക്  ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണെന്ന് റാഫി പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാർക്കൊപ്പം  ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു. ഐ‌എസ്‌എൽ കപ്പ് നേടുകയെന്നതാണ് ഇപ്പോൾ ഏക ലക്ഷ്യം. അതിനായി കളത്തിലും പുറത്തും 100 ശതമാനം പരിശ്രമവും നൽകും.

ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാൽ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാൻ  ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റാഫി കൂട്ടിച്ചേര്‍ത്തു. തെളിയിക്കപ്പെട്ട ഗോൾ സ്‌കോററും ഇന്ത്യയിലെ നമ്പർ നൈൻ സ്‌ട്രൈക്കറുമാരിൽ ഒരാളുമാണ് റാഫിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍ ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

ഹെഡറുകളിലൂടെ ഗോൾ നേടുന്നതിൽ  രാജ്യത്തെ മികച്ച കളിക്കാരനാണ് അദ്ദേഹം. റാഫിയുടെ ബോക്സിനുള്ളിലെ ആദ്യ സ്പർശം എല്ലായ്പ്പോഴും മികച്ചതാണ്.  കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സീസൺ മൂന്നിലെ അദ്ദേഹത്തിന്റെ പ്രകടനം മുൻനിരയിലായിരുന്നു.  ഐ‌എസ്‌എല്ലിന്റെ വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തെ മികച്ച ഫോമിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഇഷഫാക്ക് പറഞ്ഞു. 

click me!