
പാരീസ്: ഫ്രഞ്ച് ലീഗില്‍ മാഴ്സെ താരം ആല്‍വാരോ ഗോണ്‍സാലസിനെ അടിച്ച സംഭവത്തില്‍ പിഎസ്‌ജി താരം നെയ്മര്‍ക്ക് രണ്ട് മത്സര വിലക്ക്. ആല്‍വാരോ വംശീയ അധിക്ഷേപം നടത്തിയെന്ന നെയ്മറുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ഫ്രഞ്ച് ഫുട്ബോൾ ഭരണസമിതിയായ ദ ലീഗ് ഡി ഫുട്ബോൾ പ്രഫഷനല്‍ വ്യക്തമാക്കി. ആരോപണം ഗോൺസാലസ് നിഷേധിച്ചിരുന്നു.
മാഴ്സെയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട പിഎസ്‌ജി താരം ലായ്വിൻ കുർസാവയെ ആറു മത്സരങ്ങളിൽനിന്ന് വിലക്കിയപ്പോള്‍ മാഴ്സെ താരം ജോർദാൻ അമാവിയെ മൂന്നു മത്സരങ്ങളിൽനിന്ന് വിലക്കി. പിഎസ്‌ജി താരം ലിയാൻഡ്രോ പരദെസിനും രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കുണ്ട്. ചുപ്പുകാർഡ് ലഭിച്ച രണ്ടാമത്തെ മാഴ്സെ താരം ഡാരിയോ ബെനെഡെറ്റോ ഒരു മത്സരത്തിൽ പുറത്തിരുന്നാൽ മതി.രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കുകൂടി ലഭിച്ച സാഹചര്യത്തിൽ ഞായറാഴ്ച നീസിനെതിരെ നടക്കുന്ന മത്സരം നെയ്മറിനു നഷ്ടമാകും.
മത്സരത്തിനിടെ ഗോൺസാലസിന്റെ മുഖത്തു തുപ്പിയെന്ന പരാതിയിൽ പിഎസ്ജി താരം എയ്ഞ്ചൽ ഡി മരിയയുടെ മൊഴിയെടുക്കാനും ലീഗ് വണ്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 23ന് ലീഗ് വൺ അധികൃതർക്കു മുന്നിൽ ഹാജരാകാനാണ് മരിയയ്ക്ക് നിൽദ്ദേശം നൽകിയിരിക്കുന്നത്.
ചുവപ്പുകാർഡിന്റെ പശ്ചാത്തലത്തിൽ ഇന്നു പുലർച്ചെ എഫ്‍സി മെറ്റ്സിനെ നേരിട്ട പിഎസ്‌ജി ടീമില്‍ നെയ്മർ ഉണ്ടായിരുന്നില്ല. സൂപ്പർതാരങ്ങൾ പുറത്തിരുന്ന ലീഗിലെ മൂന്നാം മത്സരത്തിൽ പിഎസ്‌ജി ഒരു ഗോൾ ജയം നേടിയിരുന്നു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജർമൻ താരം ജൂലിയൻ ഡ്രാക്സലറാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.
65–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട അബ്ദു ഡിയാലോ പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് പിഎസ്‌ജി മത്സരം പൂർത്തിയാക്കിയത്.ലീഗിലെ പി എസ് ജിയുടെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി പട്ടികയിൽ 15–ാം സ്ഥാനത്താണ് പിഎസ്‌ജി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!