
റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു. ഈ മാസം ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഇടംപിടിക്കാന്‍ നെയ്മറിന് കഴിഞ്ഞില്ല. ഇതോടെ ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ ഇടംപിടിക്കാനുള്ള നെയ്മറിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ലോകകപ്പിന് മുന്‍പ് നിര്‍ണായക മത്സരങ്ങള്‍ക്കുള്ള ടീമിലും കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ഉള്‍പ്പെടുത്തിയില്ല.
ബ്രസീല്‍ ഈമാസം ഇരുപത്തിയാറിന് ഫ്രാന്‍സിനെയും മുപ്പത്തിയൊന്നിന് ക്രോയേഷ്യയെയും നേരിടും. ജൂണ്‍ പതിനാലിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കയെ നേരിടും മുന്‍പ് ഈജിപ്റ്റിന് എതിരായ സന്നാഹമത്സരം മാത്രമേ ബ്രസീലിന് ഇനി ബാക്കിയുള്ളൂ. ഇതുകൊണ്ടുതന്നെ ദേശീയ ടീമിലേക്ക് തിരിച്ചെത്തുക നെയ്മറിന് അത്ര എളുപ്പമായിരിക്കില്ല. നെയ്മര്‍ ബ്രസീല്‍ ടീമില്‍ അവസാനമായി കളിച്ചത് 2023 ഒക്ടോബറില്‍. ഇതിന് ശേഷം നിരന്തരം പരിക്കിന്റെ പിടിയിലായ നെയ്മറെ പുതിയ കോച്ച് ആഞ്ചലോട്ടി ഒരിക്കല്‍പോലും ടീമിലേക്ക് പരിഗണിച്ചില്ല.
കഴിഞ്ഞയാഴ്ച ബ്രസീല്‍ ക്ലബ് സാന്റോസിനായി മുഴുവന്‍ സമയവും കളിച്ചെങ്കിലും നെയ്മര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് ആഞ്ചലോട്ടിയുടെ വിലയിരുത്തല്‍. നെയ്മറിന്റെ പ്രതിഭാ ശേഷിയിലോ കളി മികവിലോ സംശയമില്ലെങ്കിലും 100 ശതമാനം ഫിറ്റ്‌നസുള്ള താരങ്ങളെ മാത്രമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂയെന്ന് ആഞ്ചലോട്ടി പറഞ്ഞു. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായ നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ 79 ഗോള്‍ നേടിയിട്ടുണ്ട്.
എന്‍ഡ്രിക്, ഇഗോര്‍ തിയാഗോ, ലൂയിസ് ഹെന്റിക്ക്, റയാന്‍ , ജാവോ പെഡ്രോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മത്തേയൂസ് കൂന്‍ഹ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച ബ്രസീല്‍ ടീമിലെ മുന്നേറ്റനിരക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!