വംശീയാധിക്ഷേപ പരാമര്‍ശം: എഡിസണ്‍ കവാനിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

By Web TeamFirst Published Dec 31, 2020, 9:33 PM IST
Highlights

നവംബര്‍ 29ന് സതാംപ്ടണെതിരായ മത്സരത്തിൽ രണ്ട് ഗോള്‍ നേടി യുണൈറ്റ‍ഡിന് നാടകീയ ജയം സമ്മാനിച്ചതിന് ശേഷം അഭിനന്ദനസന്ദേശം അയച്ച ആരാധകന് നൽകിയ മറുപടിയാണ് കവാനിയെ കുരുക്കിയത്.

മാഞ്ചസ്റ്റര്‍: ആരാധകനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനിക്ക് മൂന്നു മത്സരങ്ങളില്‍ വിലക്ക്. സംഭവത്തില്‍ കവാനി കുറ്റക്കാരനെന്ന് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സംഘടനയായ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. വിലക്കിന് പുറമെ 136,500 ഡോളര്‍ പിഴയടക്കാനും അസോസിയേഷന്‍ ഉത്തരവിട്ടു.

കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്നതാണെന്നുമായിരുന്നു അസോസിയേഷന്‍റെ കണ്ടെത്തല്‍. കവാനിയുടെ വിശദീകരണം കേട്ടശേഷമാണ് അസോസിയേഷന്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചത്.

നവംബര്‍ 29ന് സതാംപ്ടണെതിരായ മത്സരത്തിൽ രണ്ട് ഗോള്‍ നേടി യുണൈറ്റ‍ഡിന് നാടകീയ ജയം സമ്മാനിച്ചതിന് ശേഷം അഭിനന്ദനസന്ദേശം അയച്ച ആരാധകന് നൽകിയ മറുപടിയാണ് കവാനിയെ കുരുക്കിയത്.

കവാനി ഉപയോഗിച്ച വാക്ക് വംശീയാധിക്ഷേപത്തിന്‍റെ പരിധിയിൽ വരുമെന്ന ആക്ഷേപം ഉയര്‍ന്നതോടെ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതേസമയം കവാനി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അധിക്ഷേപമെന്ന് വിലയിരുത്തേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിന്‍റെ നിലപാട്.

click me!