
ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോള്‍ വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോയെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകൻ പിയേഴ്സ് മോര്‍ഗൻ. റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് ഒരിക്കലും പറയാനാവില്ലെന്ന് മോര്‍ഗൻ പറഞ്ഞു. റോണോ സൗദി അറേബ്യയിലേക്ക് മാറിയതില്‍ തെറ്റൊന്നുമില്ല. തന്‍റെ 38-ാം വയസിലും ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഇടപാടിന്‍റെ ഭാഗമാകുക എന്നത് ചെറിയ കാര്യമല്ല.
ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ ലോകകപ്പില്‍ തോല്‍പ്പിച്ച ഏക രാജ്യത്താണ് റൊണാള്‍ഡോ കളിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, ലോകകപ്പിനുശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ലിയോണല്‍ മെസി നേര്‍ക്കുനേര്‍ പോരാട്ടം ഈ മാസം 19ന് റിയാദില്‍ നടക്കും. രാത്രി എട്ടിന് റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ‘റിയാദ് സീസൺ കപ്പിനാ’യി നടക്കുന്ന പോരാട്ടത്തിലാണ് ആരാധകര്‍ക്ക് വീണ്ടും മെസി-റൊണാള്‍ഡോ പോരാട്ടം നേരില്‍ കാണാനാകുക.
മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയിരുന്നു. ലിയോണല്‍ മെസിക്കൊപ്പം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും പി എസ് ജിക്കായി കളിക്കാനിറങ്ങും. അല്‍ നസ്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാള്‍ഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല. 19ന് പി എസ് ജിക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസ്റിനെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍(എഫ് എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.
സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസ്ര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 22ന് എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസ്ര്‍ കുപ്പായത്തില്‍ അരങ്ങേറുക എന്നായിരുന്നു സൂചന. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പി എസ് ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്ന് അല്‍ നസ്ര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പോര്‍ച്ചുഗല്‍ പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസ്; ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!