ചാംപ്യന്‍സ് ലീഗ്: എംബാപ്പെ ഹാട്രിക്കില്‍ ബാഴ്‌സലോണ തരിപ്പണം; ലിവര്‍പൂളിനും ജയം

By Web TeamFirst Published Feb 17, 2021, 8:16 AM IST
Highlights

ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം.
 


ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം. കെയ്‌ലിയന്‍ എംബാപ്പെയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേക. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മന്‍ ലെപ്‌സിഗിനെ തോല്‍പ്പിച്ചു. 

സ്വന്തം ഗ്രൗണ്ടിലാണ് തോല്‍വി എന്നുള്ളത് ബാഴ്‌സയുടെ മുന്നോട്ടുള്ള വഴി ദുഷ്‌കരമാക്കും. രണ്ടാം പാദത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ നാല് ഗോള്‍ തിരിച്ചടിച്ചാല്‍ മാത്രമേ മെസിക്കും സംഘത്തിനും ക്വാര്‍ട്ടറിലെത്താന്‍ കഴിയൂ. അതിനിടെ പിഎസ്ജി വീണ്ടും ഗോളുകള്‍ നേടിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. 

നൗകാംപില്‍ ആദ്യ അരമണിക്കൂറില്‍ തന്നെ ബാഴ്‌സ മുന്നിലെത്തി. കറ്റാലന്മാര്‍ക്ക് ആഘോഷിക്കാന്‍ ഒരേയൊരു അവസരം. 27-ാം മിനിറ്റില്‍ ഫ്രാങ്കി ഡി യോങ്ങിനെ ഗ്രൗണ്ടില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ലിയോണല്‍ മെസി ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് എംബാപ്പെയുടെ താണ്ഡവമായിരുന്നു. 32-ാം മിനിറ്റില്‍ സമനില ഗോളെത്തി. മാര്‍കോ വെരാറ്റിയുടെ പാസ് താരം ഗോളാക്കി മാറ്റി. ബാഴ്‌സ പ്രതിരോധത്തിലെ പിഴവാണ് താരം മുതലാക്കിയത്. ആദ്യ പകുതി 1-1ല്‍ അവസാനിച്ചു. 

65-ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിക്വെ വരുത്തിയ പിഴവാണ് ഗോള്‍വല കുലുക്കിയത്. 70 മിനിറ്റില്‍ മോയ്‌സ് കീനാണ് മൂന്നാം ഗോള്‍ നേടിയത്. ലിയാന്‍ഡ്രോ പരഡേസിന്റെ ഫ്രീകിക്കില്‍ തലവച്ചാണ് താരം ഗോള്‍നേട്ടം ആഘോഷിച്ചത്. 85-ാം മിനിറ്റില്‍ എംബാപ്പെ ബാഴ്‌സയിലെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.

ലെപ്‌സിഗിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മുഹമ്മദ് സലായും സാദിയോ മാനെയുമാണ് സ്‌കോറര്‍മാര്‍. എവേ ഗ്രൗണ്ടില്‍ നേടിയ രണ്ട് ഗോളിന്റെ ലീഡ് അടുത്ത പാദത്തില്‍ ലിവര്‍പൂളിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

click me!