ഹൃദയം തകര്‍ന്ന് അറ്റലാന്റ; നെയ്മറും സംഘവും ചാംപ്യന്‍സ് ലീഗ് സെമിയില്‍

By Web TeamFirst Published Aug 13, 2020, 9:19 AM IST
Highlights

മത്സരത്തിന്റെ 90ാം മിനിറ്റ് വരെ ഇറ്റാലിയന്‍ ടീം മുന്നിലായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകള്‍ അറ്റ്‌ലാന്റയ്ക്ക് പുറത്തേക്കുള്ള  വഴി കാണിച്ചുകൊടുത്തു.

ലിസ്ബണ്‍: അവസാന നിമിഷങ്ങളിലെ രണ്ട് ഗോളില്‍ അറ്റ്‌ലാന്റയെ മറികടന്ന പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍. ലിസ്ബണില്‍ നടന്ന മത്സരം ഒരു ത്രില്ലിംഗ് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. മത്സരത്തിന്റെ 90ാം മിനിറ്റ് വരെ ഇറ്റാലിയന്‍ ടീം മുന്നിലായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകള്‍ അറ്റ്‌ലാന്റയ്ക്ക് പുറത്തേക്കുള്ള  വഴി കാണിച്ചുകൊടുത്തു. 2-1ന് മത്സരം ജയിച്ച് നെയ്മറും സംഘവും സെമിയിലേക്കും.

26ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ച് മാരിയോ പസാലിച്ചിലൂടെ അറ്റ്‌ലാന്റ ലീഡെടുത്തു. ഇതിനിടെ സൂപ്പര്‍താരം നെയ്മറിന് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ താരത്തിന് മുതലാക്കാനായില്ല. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെയാണ് നെയ്മര്‍ പന്ത് പുറത്തേക്കടിച്ചു കളഞ്ഞത്. മൗറോ ഇക്കാര്‍ഡിയാവട്ടെ കടുത്ത നിരാശ മാത്രമാണ് സമ്മാനിച്ചത്. അറ്റ്‌ലാന്റയാവട്ടെ പ്രതിരോധം കടുപ്പിക്കുകയും ചെയ്തു. ഇതിനിടെ കെയ്‌ലര്‍ നവാസിന്റെ ഒരു സൂപ്പര്‍ സേവ് അറ്റ്‌ലാന്റയുടെ ലീഡ് ഒന്നില്‍ നിര്‍ത്തി. 

രണ്ടാം പകുതിയില്‍ കെയ്‌ലിന്‍ എംബാപ്പെ കളത്തിലേക്ക്. അവസാന നിമിഷങ്ങളില്‍ പിഎസ്ജി അക്രമണം കടുപ്പിച്ചപ്പോള്‍ പിഎസ്ജി പ്രതിരോധം പിളര്‍ന്നു. 90ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ മര്‍ക്വിഞ്ഞോസിലൂടെ പിഎസ്ജി ഒപ്പമെത്തി. സമനില വഴങ്ങിയതിന്റെ ഞെട്ടല്‍ തീരുംമുമ്പ് രണ്ടാം ഗോളും വന്നു. ചാപോ മോട്ടിങ്ങാണ് ഗോള്‍ നേടിയത്. 

ചാംപ്യന്‍സ് ലീഗ് സീസണിലെ ക്ലാസിക് തിരിച്ചുവരവുകളില്‍ ഒന്നായിരുന്നത്. നാളെ ലെപ്‌സിഗ്- അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് പിഎസ്ജി സെമിയില്‍ നേരിടുക.
 

click me!