
പാരീസ്: പിഎസ്ജിക്ക് (PSG) പത്താം ഫ്രഞ്ച് ലീഗ് കിരീടം. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെ ആണ് പി എസ് ജി കിരീടം ഉറപ്പിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68ആം മിനുട്ടില്‍ ലയണല്‍ മെസിയാണ് (Lionel Messi) പി എസ് ജിക്ക് ലീഡ് നല്‍കിയത്. നെയ്മറിന്റെ (Neymar) അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 88ആം മിനുട്ടില്‍ ജീനിലൂടെ ആണ് ലെന്‍സ് സമനില നേടിയത്. നാലു മത്സരങ്ങള്‍ ഇനിയും ലീഗില്‍ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി ഉറപ്പിച്ചത്.
ചാംപ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്റുകളില്‍ ഒക്കെ കാലിടറിയ പിഎസ്ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലയണല്‍ മെസ്സിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്.
ജര്‍മനിയില്‍ ബയേണ്‍
ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ പത്താം കിരീടം. പ്രധാന എതിരാളികളായ ബൊറൂസിയ ഡോര്‍ട്്മുണ്ടിനെ തോല്‍പ്പിച്ചാണ് ബയേണ്‍, ബുണ്ടസ്ലിഗയിലെ ആധിപത്യം ഉറപ്പിച്ചത്. സീസണിലെ 31ആം റൗണ്ട് മത്സരത്തില്‍, ഒന്നിനെതിരെ 3 ഗോളിനാണ് ജയം.
15ആം മിനിറ്റില്‍ സെര്‍ജി ഗ്‌നാബ്രി ബയേണിനെ മുന്നിലെത്തിച്ചു. 34ആം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ലീഡുയര്‍ത്തി. 52ആം മിനിറ്റില്‍ എമ്രേ കാന്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും, ബയേണിന്റെ ജയം തടനായായില്ല. 83ആം മിനിറ്റില്‍ ജമാല്‍ മുസിയാല മൂന്നാം ഗോളിലൂടെ കിരീടം ഉറപ്പിച്ചു.
31 കളിയില്‍ ബയേണിന് 75ഉം ബൊറൂസിയക്ക് 63ഉം പോയിന്റ് ഉണ്ട്. കിരീടം ഉറപ്പിക്കാന്‍ ബൊറൂസിയക്കെതിരെ ബയേണിന് സമനില മാത്രം മതിയായിരുന്നു. സീസണില്‍ ഇനി 3 കളി ബാക്കിയുണ്ട്. യൂറോപ്പിലെ 5 മുന്‍നിര ലീഗുകളില്‍ തുടര്‍ച്ചയായി 10 കിരീടം നേടിയ ആദ്യ ടീമാണ് ബയേണ്‍.
ഇറ്റാലിയന്‍ ലീഗില്‍ 9 തുടര്‍കിരീടം നേടിയ യുവന്റസിന്റെ റെക്കോര്‍ഡ് ബയേണ്‍ തകര്‍ത്തു. തോമസ് മുള്ളര്‍ പതിനൊന്നാമത്തെയും ലെവന്‍ഡോവ്‌സ്‌കി പത്താമത്തെയും ബുണ്ടസ്ലിഗ കിരീടമാണ് നേടിയത്.