Latest Videos

ബലാത്സംഗക്കേസില്‍ റൊണാള്‍ഡോയ്ക്ക് ആശ്വാസവാര്‍ത്ത

By Web TeamFirst Published Jul 23, 2019, 10:43 AM IST
Highlights

ഒരു ദശാബ്ദം മുമ്പ് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന മോഡലിന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്  ലാസ്‌വെഗാസ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്.

ന്യൂയോര്‍ക്ക്: ബലാത്സംഗക്കേസില്‍ യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസവാര്‍ത്ത. റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ മോഡല്‍ കാതറീന്‍ മയോര്‍ഗയുടെ പരാതിയില്‍ താരത്തിനെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് യുഎസ് അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ റൊണാള്‍ഡോയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കേസ് തുടരാനാവില്ലെന്ന് നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണിയും വ്യക്തമാക്കി. റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും തെളിവുകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.

ഒരു ദശാബ്ദം മുമ്പ് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന മോഡലിന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്  ലാസ്‌വെഗാസ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. എന്നാല്‍ താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ അന്ന് വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.

2009ല്‍ ലാസ് വെഗാസില്‍ റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി വ്യക്തമാക്കിയിരുന്നു. ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ തുറന്നുപറഞ്ഞ‌ത്. ലോകമാകെ മീ ടു തരംഗം അലയടിച്ചപ്പോഴാണ് മയോര്‍ഗയും റൊണാള്‍ഡോക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

click me!