ബ്രസീലിയന്‍ റൊണാള്‍ഡോയോടുള്ള ആരാധന, 2002 ലോകകപ്പ് സ്റ്റൈലില്‍ മുടി മുറിച്ചു; വിദ്യാര്‍ഥിക്ക് സസ്പെൻഷന്‍

By Jomit JoseFirst Published Nov 28, 2022, 11:22 AM IST
Highlights

ബ്രസീൽ മുൻ താരം റൊണാൾഡോയുടെ കടുത്ത ആരാധകനാണ് 12 വയസുകാരൻ ആൽഫി റാൻസൺ

ലണ്ടന്‍: ഇഷ്ടപ്പെട്ട ഫുട്ബോൾ താരത്തോടുള്ള ആരാധന തലയിൽ കയറിയ പന്ത്രണ്ട് വയസുകാരനെ സസ്പെൻഡ് ചെയ്‌ത് സ്‌കൂൾ അധികൃതർ. ഇംഗ്ലണ്ടിലെ ഹള്ളിലാണ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. ഇതിന് കാരണമായതോ വിദ്യാര്‍ഥിയുടെ ഹെയ‍ര്‍ സ്റ്റൈലും. 

ബ്രസീൽ മുൻ താരം റൊണാൾഡോയുടെ കടുത്ത ആരാധകനാണ് 12 വയസുകാരൻ ആൽഫി റാൻസൺ. ആരാധന മൂത്തപ്പോൾ അടിമുടി റൊണാൾഡോയാകാൻ ആൽഫിക്കൊരു ആഗ്രഹം. അങ്ങനെ 2002 ലോകകപ്പിലെ റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി. എന്നാൽ ഇത് സ്കൂൾ അധികൃതർക്ക് പിടിച്ചില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി സസ്പെൻഷൻ ഓർഡർ കയ്യിൽ കൊടുത്തു. മുടി മുഴുവൻ വെട്ടിയിട്ട് ക്ലാസിൽ കയറിയാൽ മതിയെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ ഇതിന് തയ്യാറല്ലെന്നാണ് ആൽഫിയുടെ രക്ഷിതാക്കൾ പറയുന്നത്. ഇഷ്ടപ്പെട്ട താരത്തെ മകൻ അനുകരിക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് അവർ ചോദിക്കുന്നു. മുടി വെട്ടാൻ നിർബന്ധിക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു. 

2002 ലോകകപ്പിലെ റൊണാൾഡോയുടെ ഹെയർ സ്റ്റൈൽ ലോകം മുഴുവൻ ചർച്ചയായിരുന്നു. മൊട്ടയടിച്ച് നെറ്റിക്ക് മുകളില്‍ കുറച്ച് മുടി മാത്രം ബാക്കിവെച്ചുള്ള പ്രത്യേക ഹെയര്‍ സ്റ്റൈലുമായാണ് റൊണാള്‍ഡോ ലോകകപ്പിനിറങ്ങിയത്. തന്‍റെ പരിക്കിനെ കുറിച്ചും കായികക്ഷമതയെ കുറിച്ചുമുള്ള വാർത്തകൾ വഴിതിരിച്ച് വിടാനാണ് അങ്ങനെ മുടിവെട്ടിയതെന്ന് റൊണാൾഡോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഫൈനലില്‍ ജര്‍മ്മനിയെ 2-0ന് തോല്‍പിച്ച് ബ്രസീല്‍ അഞ്ചാം ലോകകപ്പുയര്‍ത്തിയപ്പോള്‍ റൊണാള്‍ഡോയായിരുന്നു കളിയിലെ താരം. എട്ട് ഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്കായിരുന്നു ആ ലോകകപ്പിലെ സുവര്‍ണ പാദുകം. തന്നെ അനുകരിച്ച് കുട്ടികൾ മുടിവെട്ടുന്നതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും റൊണാൾഡോ മുമ്പ് പറഞ്ഞിട്ടുണ്ട്.

മൊറോക്കോയോട് തോറ്റതിന് ഡഗൗട്ട് എന്ത് പിഴച്ചു; കട്ടക്കലിപ്പില്‍ ബെല്‍ജിയം ഗോളിയുടെ ഇടി- വീഡിയോ

click me!