Russia-Ukraine war: റഷ്യ-യുക്രൈന്‍ യുദ്ധം; ബെലാറസിനെതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്ബോള്‍ മത്സരം റദ്ദാക്കി

Published : Mar 01, 2022, 08:37 PM ISTUpdated : Mar 01, 2022, 08:42 PM IST
Russia-Ukraine war: റഷ്യ-യുക്രൈന്‍ യുദ്ധം; ബെലാറസിനെതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്ബോള്‍ മത്സരം റദ്ദാക്കി

Synopsis

ഇന്ത്യയെക്കാള്‍ പിഫ റാങ്കിംഗില്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്റിനും ബെലാറസും. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്റിന്‍ 91-ാം സ്ഥാനത്തും ബെലാറസ് 94-ാം സ്ഥാനത്തുമാണ്. ബഹ്റിനെയും ബെലാറസിനെയും തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

മനാമ: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ(Russia-Ukraine war) പശ്ചാത്തലത്തില്‍ ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ്( India vs Belarus) സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് ഫിഫയും വനിതാ യൂറോ കപ്പില്‍ നിന്ന് യുവേഫയും റഷ്യയെ ഇന്നലെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ റഷ്യയെയും റഷ്യയുടെ സഖ്യരാജ്യമായ ബെലാറസിനെയും രാജ്യാന്തര കായികവേദികളില്‍ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെലാറസിനെതിരായ സൗഹൃദ മത്സരം ഇന്ത്യ ഉപേക്ഷിച്ചത്.

ബെലാറസുമായുള്ള സൗഹൃദ മത്സരം റദ്ദാക്കിയതോടെ ബഹ്റിനുമായി രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. മാര്‍ച്ച് 23നാണ് ബഹ്റിനുമായി ഇന്ത്യ സൗഹൃ മത്സരം കളിക്കുന്നത്. മാര്‍ച്ച് 26ന് ആയിരുന്നു ബെലാറസിനെതിരായ സൗഹൃദ മത്സരം കളിക്കേണ്ടിയിരുന്നത്. ബഹ്റിനിലെ മനാമയിലാണ് മത്സരങ്ങള്‍ നടക്കുക.

ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്റിനും ബെലാറസും. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്റിന്‍ 91-ാം സ്ഥാനത്തും ബെലാറസ് 94-ാം സ്ഥാനത്തുമാണ്. ബഹ്റിനെയും ബെലാറസിനെയും തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇന്ത്യക്ക് ഒരു യൂറോപ്യന്‍ രാജ്യവുമായി സൗഹൃദ മത്സരം കളിക്കാന്‍ അവസരം ലഭിച്ചത്.

ജൂണില്‍ നടക്കുന്ന എഎഫ്‌സി കപ്പ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്‍റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. 2023ല്‍ ചൈനയിലെ മെയിന്‍ലാന്‍ഡില്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്നാതാണ് ഇന്ത്യന്‍ ടീമിന് മുന്നിലെ പുതിയ ദൗത്യം.

യുക്രൈനെ ആക്രമിക്കാന്‍ സ്വന്തം രാജ്യത്ത് ഇടം നല്‍കിയതിന്‍റെ പേരില്‍ രാജ്യാന്തര സമൂഹം റഷ്യക്കൊപ്പം ബെലാറസിനെയും ഒറ്റപ്പെടുത്തിയിരുന്നു. റഷ്യന്‍ സേനയിലെ ഒരു വിഭാഗം ബെലാറസിലൂടെയാണ് യുക്രൈനില്‍ എത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ