
കൊച്ചി: പ്രതിരോധനിര താരം സന്ദീപ് സിംഗ് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുന്നത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി.
അടുത്ത വർഷം പൂനെ എഫ്‌സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2018-19 ഐഎസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തുന്നതിനു മുൻപായി 2017-2018 സീസണിൽ ലാങ്‌സ്നിംഗ് എഫ്.സിയെ പ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ ട്രാവു എഫ്‌സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സന്ദീപ്, അവിടെ നിന്നാണ് കെബിഎഫ്‌സിയിൽ എത്തിയത്.
ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലായ്പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നൽകുന്നത്. ആ പിന്തുണ നേടുവാനും അവർക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദീപ് സിംഗ് പറഞ്ഞു.
ഐ-ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. ഐഎസ്‌എല്ലിൽ പുറത്തെടുത്ത തന്റെ മികവ് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടിയും സന്ദീപ് പുറത്തെടുക്കമെന്നാണ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!