
പയ്യനാട്: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) മേഘാലയക്കെതിരെ (Meghalaya vs Kerala) ജയം ഉറപ്പെന്ന് കേരള ക്യാപ്റ്റൻ (Kerala Football Team) ജിജോ ജോസഫ് (Jijo Joseph). പ്രതിരോധമല്ല, ആക്രമണമാണ് കേരളത്തിന്‍റെ ശൈലിയെന്നും നായകന്‍ പറഞ്ഞു. ഗ്യാലറി തിങ്ങിനിറയ്‌ക്കുന്ന കാണികളുടെ പിന്തുണയ്ക്ക് ജിജോ ജോസഫ് നന്ദി അറിയിച്ചു.
'രണ്ട് കളി ജയിച്ചതിന്‍റെ ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ട്. നല്ല പോരാട്ടവീര്യത്തോടെയാണ് കളിക്കുന്നത്. ആ സ്‌പിരിറ്റോടെ മേഘാലയക്കെതിരെയും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. കഠിനപ്രയത്നത്തിന്‍റെ ഫലമായാണ് ഏകപക്ഷീയമായ വിജയങ്ങള്‍ നേടായത്. ഏറ്റവും കൂടുതല്‍ സന്തോഷ് ട്രോഫി നേടിയ ബംഗാളിനോട് മികച്ച പ്രകടനം പുറത്തെടുക്കാനായതിന്‍റെ സന്തോഷമുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട് കാണികളെ കാണുമ്പോള്‍. രണ്ട് മണിക്കൂറൊക്കെ നിന്നാണ് അവര്‍ മത്സരം വീക്ഷിക്കുന്നത്. കാണികളുടെ പിന്തുണ കളിക്കാര്‍ക്ക് പ്രചോദനമാണ്. ഗ്രൗണ്ടില്‍ വച്ചാണ് പലരും നോമ്പ് തുറക്കുന്നത്. അപ്പോള്‍ അവര്‍ കാണിക്കുന്ന പിന്തുണയ്‌ക്ക് വിജയങ്ങളിലൂടെ മറുപടി നല്‍കാനായതില്‍ സന്തോഷമുണ്ട്. പ്രതിരോധമല്ല, ആക്രമിച്ച് കളിച്ച് ജയിച്ചുമുന്നേറാനാണ് ശ്രമം' എന്നും ജിജോ ജോസഫ് പറഞ്ഞു.
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്ന് മേഘാലയക്കെതിരെ ഇറങ്ങും. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിനും വീഴ്‌ത്തിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റുള്ള കേരളം ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ഇന്നത്തെ മത്സരത്തിൽ പുതിയ താരങ്ങൾക്ക് അവസരം നൽകിയേക്കും. ജയിച്ച് സെമി ഉറപ്പിക്കുകയാണ് ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം.
ആദ്യ മത്സരത്തിൽ രാജസ്ഥാനെ 3-2ന് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം പയ്യനാട് ഇറങ്ങുക. ഫിഗോ സിൻഡായി എന്ന ഇടംകാലൻ വിങ്ങറാണ് മേഘാലയയുടെ ശക്തി. ഇന്നത്തെ മത്സരത്തിലും മഞ്ചേരിയിലെ സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്ന് ഉറപ്പ്. ആ ആരവങ്ങളും ആവേശവും കേരളത്തിന്‍റെ കുതിപ്പിന് കരുത്താകുമെന്നുറപ്പ്.
Santosh Trophy : സെമി ഉറപ്പിക്കാൻ കേരളം; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!