
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂരിനെ തകർത്ത് ഒഡീഷ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കാർത്തിക് ഹൻതലാണ് ഒഡീഷക്കായി വിജയഗോൾ നേടിയത്. ജയത്തോടെ ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്‍റുള്ള ഒഡീഷ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
ഒരു ജയം സ്വന്തമാക്കി മൂന്ന് പോയിന്‍റുമായി മണിപ്പൂരാണ് ഗ്രൂപ്പിൽ രണ്ടാമത്. സർവീസസാണ് മൂന്നാമത്. മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ഒഡീഷയുടെ ആക്രമണമാണ് കണ്ടത്. 12-ാം മിനുട്ടിൽ ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചു. മധ്യനിരയിൽ നിന്ന് നീട്ടിനൽക്കിയ പന്ത് മണിപ്പൂർ കീപ്പർ ക്ലിയർ ചെയ്യവേ വരുത്തി പിഴവിൽ കാർത്തിക് ഹൻതലിന് ലഭിച്ചു. ഗോൾ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.
37-ാം മിനുട്ടിൽ ഒഡീഷ ലീഡെടുത്തു. മധ്യനിരയിൽ നിന്ന് മണിപ്പൂരിന്‍റെ ഗോൾവല ലക്ഷ്യമാക്കി കുതിച്ച കാർത്തിക് ഹൻതൽ മണിപ്പൂർ പ്രതിരോധ താരങ്ങളെ മറികടന്ന് ഉഗ്രൻ സോളോ ഗോൾ നേടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മണിപ്പൂരിന് അവസരം ലഭിച്ചു. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ബഡീപർ മെയോൺ ഗോളാക്കി മാറ്റിയെങ്കിൽ ഓഫ്സൈഡ് വിളിച്ചു. 52-ാം മിനുട്ടിൽ പന്തുമായി കുതിച്ച ഒഡീഷൻ താരത്തെ ബോക്സിന് തൊട്ടുമുമ്പിൽ നിന്ന് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
മത്സരത്തിൽ ഉടനീളം ഒഡീഷ പന്ത് കൈവശം വച്ച് കളിച്ചു. 89-ാം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഒഡീഷക്ക് ലഭിച്ച ഫ്രീകിക്ക് അദ്‌വിൻ തിർക്കി അതിമനോഹരമായി ഗോൾ പോസ്റ്റിന് തൊട്ടുമുന്നിലായി നൽക്കി. അർപൻ ലാക്റ ഹെഡറിന് ശ്രമിച്ചെങ്കിലും ബാറിൽ തട്ടി പുറത്തേക്ക് പോയി. ഇരുടീമുകൾക്കും രണ്ടാം പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!