
ലണ്ടന്‍: രാജ്യാന്തര ഫുട്ബോൾ സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി താരങ്ങൾ. ഫിഫയും യുവേഫയും താരങ്ങളെ മനുഷ്യരായി പരിണിഗണിക്കുന്നില്ലെന്ന് ജർമ്മൻ താരം ടോണി ക്രൂസ് ആരോപിച്ചു.
വിശ്രമമില്ലാതെ തുടർച്ചയായി ക്ലബിനും രാജ്യത്തിനും ബൂട്ടുകെട്ടേണ്ട അവസ്ഥ വന്നതോടെയാണ് താരങ്ങൾ ഫുട്ബോൾ സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആഴ്ചയിൽ മൂന്നിലേറെ മത്സരങ്ങൾ കളിക്കേണ്ടിവരുന്നതിനാൽ മിക്ക താരങ്ങളും പരുക്കിന്റെ പിടിയിലാണ്. പ്രാദേശിക ലീഗുകൾക്കൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ നേഷൻസ് ലീഗ്, യൂറോകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയാണിപ്പോൾ ചെറിയ ഇടവേളകൾക്കിടയിൽ യൂറോപ്പിൽ നടക്കുന്നത്.
ഇതിനിടയിൽ താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം കിട്ടുന്നില്ല. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, റയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം പരുക്കിന്റെ പിടിയിലാണ്. ലിവർപൂളിന്റെ വിർജിൽ വാൻഡൈക്ക്, ഫാബീഞ്ഞോ, തിയാഗോ അൽകന്റാര, ട്രെന്റ് അലക്സാണ്ടർ ആർനോൾഡ്, പിഎസ്‌ജിയുടെ നെയ്മർ, കിലിയൻ എംബാപ്പേ, ബാഴ്സലോണയുടെ അൻസു ഫാറ്റി, ഫിലിപെ കുടീഞ്ഞോ, റയൽ മാഡ്രിഡിന്റെ ഡാനി കാർവഹാൽ, അൽവാരോ ഒഡ്രിയാസോള, നാച്ചോ, ഫെഡേ വെൽവെർദേ, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോ, നഥാൻ അകെ, തുടങ്ങിയവരെല്ലാം പരുക്കിന്റെ പിടിയിലാണ്.
താരങ്ങൾക്ക് നിരന്തരം പരുക്കേൽക്കുന്നതോടെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ മൂന്നിലും പ്രമുഖ ടീമുകൾ നിലനിൽപിനായി പൊരുതുകയാണ്. സീസൺ തുടങ്ങിയപ്പോഴേക്ക് ഇത്രയേറെ താരങ്ങൾക്ക് പരുക്കേൽക്കുന്നത് ഫുട്ബോൾ സംഘടനകളുടെ വീഴ്ചയാണെന്ന് താരങ്ങൾ പറയുന്നു. യുവേഫയ്ക്കും ഫിഫയ്ക്കും താരങ്ങൾ വെറും പാവകളാണെന്നും മനുഷ്യരായി പരിഗണിക്കുന്നില്ലെന്നും റയൽ മാഡ്രിഡിന്റെ ജർമ്മൻതാരം ടോണി ക്രൂസ് ആരോപിച്ചു.
ശാരീരികക്ഷമത നിലനിർത്താൻ കളിക്കാർ പെടാപ്പാട് പെടുകയാണെന്ന് ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നോയർ വ്യക്തമാക്കി. മത്സരക്രമം തയ്യാറാക്കുമ്പോൾ താരങ്ങളെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്ന് ചെൽസിയുടെ ബ്രസീലിയൻ താരം തിയാഗോ സിൽവ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!