സുബ്രതോ കപ്പുയര്‍ത്താനുറച്ച് നടക്കാവിലെ പെണ്‍പുലികള്‍

By Web TeamFirst Published Aug 27, 2019, 10:16 AM IST
Highlights

സുബ്രതോ കപ്പിനൊരുങ്ങി നടക്കാവ് ഗേള്‍സ് സ്‌കൂള്‍. ആദ്യ കളി മുപ്പതിന് ജാര്‍ഖണ്ഡുമായി.

കോഴിക്കോട്: സുബ്രതോ മുഖര്‍ജി അന്താരാഷ്‌ട്ര സ്‌കൂള്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ വനിത വിഭാഗത്തില്‍ ഇത്തവണ കേരളത്തിനായി കോഴിക്കോട് നടക്കാവ് ഗേള്‍സ് സ്‌കൂള്‍ മത്സരിക്കും. ദില്ലിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ ആദ്യ എതിരാളികള്‍ കരുത്തരായ ജാര്‍ഖണ്ഡാണ്. ജാര്‍ഖണ്ഡ്, ദില്ലി, ആന്ധ്രാപ്രദേശ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കേരളത്തിനായി മത്സരിക്കുന്ന നടക്കാവ് സ്‌കൂള്‍.

സംസ്ഥാനതലത്തില്‍ തിരുവനന്തപുരം അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളിനെ യോഗ്യത മത്സരത്തില്‍ തോല്‍പ്പിച്ചാണ് നടക്കാവ് ഗേള്‍സ് സുബ്രതോകപ്പ് ഫൈനല്‍ റൗണ്ടിലെത്തിയത്. കഴിഞ്ഞ തവണ അയ്യങ്കാളി സ്‌കൂളിനോട് യോഗ്യത റൗണ്ടില്‍ പരാജയപ്പെട്ട് അവസരം നഷ്ടപ്പെടുകയായിരുന്നു. അണ്ടര്‍ പതിനേഴ് സംസ്ഥാന വനിത ഫുട്ബോള്‍ ടീമിലെ ഏഴുപേരുടെ കരുത്തിലാണ് സുബ്രതോ കപ്പിന് നടക്കാവ് സ്‌കൂള്‍ ഇറങ്ങുന്നത്.

ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഈ അന്താരാഷ്‌ട്ര സ്‌കൂള്‍സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. 32 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നടക്കാവ് സ്‌കൂള്‍ 2014ലും ഈ ടൂര്‍ണ്ണമെന്‍റില്‍ കളിച്ചിരുന്നു. വനിത വിഭാഗത്തില്‍ ഇതുവരെ കേരള ടീമുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനായിട്ടില്ല. നിലവില്‍ ബംഗ്ലാദേശില്‍ നിന്നുള്ള സ്‌കൂളാണ് ചാമ്പ്യന്‍മാര്‍.

click me!