Latest Videos

ഛേത്രി... താങ്കള്‍ക്ക് പകരക്കാരനില്ല! ബൂട്ടഴിക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന മാത്രം

By Web TeamFirst Published May 22, 2024, 11:04 PM IST
Highlights

മങ്ങി തുടങ്ങിയിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശോഭ കെടാതെ കാത്തത് ചേത്രിയുടെ പോരാട്ടവീര്യം കൊണ്ട് കൂടിയാണ്.

ഇപ്പോഴും ആ വാക്കുകള്‍ വിശ്വസിക്കാന്‍ ആവുന്നില്ല, നിങ്ങള്‍ ഇനി ആ നീലകുപ്പായത്തില്‍ കളിക്കാനില്ലെന്ന സത്യം! ജൂണ്‍ 6ന് കുവൈത്തിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാന മത്സരം കളിച്ച് മടങ്ങുമ്പോള്‍ ആരാധകരുടെ ഹൃദയം അത്രമേല്‍ വേദനിക്കും. എന്താണോ കേള്‍ക്കരുതെന്ന് ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരും ആഗ്രഹിച്ചിത്, അത് സംഭവിച്ചിരിക്കുന്നു. 2005ല്‍ പാകിസ്ഥാനെതിരെ ഗോള്‍ നേടികൊണ്ട് അരങ്ങേറ്റം കുറിച്ച് ഇന്നിതാ 2024 എത്തിനില്‍കുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിച്ഛായ തന്നെ മാറ്റിയെടുത്തിരിക്കുന്നു.

മങ്ങി തുടങ്ങിയിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശോഭ കെടാതെ കാത്തത് താങ്കളുടെ പോരാട്ടവീര്യം കൊണ്ട് കൂടിയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നിങ്ങളാണ്. ചേത്രി കഴിഞ്ഞാല്‍ ആര് എന്ന ചോദ്യം ബാക്കി വെച്ചുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. 150 മത്സരങ്ങളില്‍ നിന്നും 94 ഗോളുകള്‍ നേടി ടോപ് 5 ഗോള്‍ സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുമ്പോഴും 100 ഗോള്‍ എന്ന ഞങ്ങളുടെ സ്വപ്നം ബാക്കി ആവുന്നു. എങ്കിലും ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടി താങ്കള്‍ സകലതും ചെയ്‌തെന്ന ബോധ്യമുണ്ട്.

ഇന്ത്യന്‍ ഫുട്ബാളിനെ നയിക്കേണ്ടവവര്‍ക്കും താരങ്ങള്‍ക്കും ഛേത്രിയേക്കാള്‍ വലിയൊരു മാതൃകയില്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ മാന്ത്രികനെന്നോ, ഇതിഹാസമെന്നോ ഛേത്രിയെ വിശേഷിപ്പിച്ചാല്‍ അത് പൂര്‍ണമാവില്ല. കഠിനാധ്വാത്തിലൂടെ എന്തും നേടിയെടുക്കാമെന്ന് 39-ാ വയസിന്റെ ചെറുപ്പത്തിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നെപോലെ പുത്തന്‍ തലമുറയില്‍ ഉള്‍പ്പെട്ടവരെ കാല്‍പ്പന്തുകളിയോട് അടുപ്പിച്ചതില്‍ ഛേത്രിയുടെ പങ്ക് വിസ്മരിക്കപ്പെടാത്തതായിരിക്കും. ഇന്ത്യന്‍ ഫുട്ബാളിനെ നിങ്ങളിലൂടെ അറിഞ്ഞു തുടങ്ങിയവരില്‍ ഞാനുമുണ്ട്.

ഇന്ത്യയുടെ വിജയങ്ങള്‍ നിങ്ങളിലൂടെയാണ് ആഘോഷിച്ചത്. തോറ്റു മടങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയും. താങ്കളെ കുറിച്ചുള്ള ഓര്‍മകള്‍ അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങില്ല. കാലുകൊണ്ട് ഛേത്രി കാണിച്ച മാന്ത്രികത എല്ലാകാലത്തും ഓര്‍ക്കപ്പെടും. കേട്ടതെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരുപക്ഷെ ഇന്ത്യന്‍ ഫുട്ബാളിന് വേണ്ടി ഗോളടിക്കാന്‍ പുതിയൊരു ചേത്രിയെ കിട്ടിയേക്കാം. എങ്കിലും ഛേത്രിക്ക് പകരക്കാരനില്ല.

click me!