
മുംബൈ: കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആരാധകരുടെ പ്രിയപ്പെട്ട താരമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ആരാധകര്‍ക്കായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നടത്തിയ വോട്ടെടുപ്പില്‍ ഉസ്ബെക്കിസ്ഥാന്‍ താരം എല്‍ഡോര്‍ ഷൊമുറോഡോവിനെ പിന്തള്ളിയാണ് ഛേത്രി ആരാധകരുടെ പ്രിയപ്പെട്ട താരമായത്.
വോട്ടെടുപ്പില്‍ ഛേത്രിക്ക് 51 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഷൊമുറോഡോവിന് 49 ശതമാനം വോട്ട് ലഭിച്ചു. 19 ദിവസമായി നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 561,856 പേരാണ് ഏപങ്കെടുത്തത്. ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തായ്‌ലന്‍ഡിനെതിരെ ഛേത്രി രണ്ട് ഗോളുകള്‍ നേടിയിരുന്നു.
മത്സരത്തില്‍ ഇന്ത്യ 4-1ന് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇക്കെതിരെയും ബഹ്‌റിനെതിരെയും അവസാന നിമിഷങ്ങളില്‍ വഴങ്ങിയ ഗോളുകളാണ് ഇന്ത്യയുടെ പ്രീ ക്വര്‍ട്ടര്‍ പ്രവേശനം തടഞ്ഞത്. ഇന്ത്യക്കായി 115 മത്സരങ്ങള്‍ കളിച്ച ഛേത്രി 72 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവിലെ താരങ്ങളില്‍ രാജ്യത്തിനായുള്ള ഗോള്‍ വേട്ടയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യ ഖത്തറിനെയും നവംബര്‍ 12ന് ബംഗ്ലാദേശിനെയും 17ന് അഫ്ഗാനിസ്ഥാനെയും നേരിടും. ഖത്തറില്‍ നടന്ന ആദ്യപാദത്തില്‍ ഇന്ത്യ ഗോള്‍രഹിത സമനില നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!