
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സും കണ്ണൂര്‍ വാരിയേഴ്‌സും സമനിലയില്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. 57-ാം മിനിറ്റില്‍ കാമറൂണ്‍ താരം ഏണസ്റ്റന്‍ ലവ്‌സാംബ വാരിയേഴ്‌സിന് വേണ്ടി ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ കൊമ്പന്‍സിനായി ഗണേശനാണ് സമനില ഗോള്‍ നേടിയത്. ലീഗില്‍ മൂന്ന് റൗണ്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂര്‍ ടീമുകള്‍ക്ക് അഞ്ച് പോയന്റ് വീതമാണ് ഉള്ളത്.
വിജയം ലക്ഷ്യമിട്ട് ഇരു സംഘങ്ങളും മുന്നേറ്റനിരയില്‍ മൂന്ന് പേര്‍ക്ക് ചുമതല നല്‍കിയാണ് ആദ്യ ഇലവനെ ഇറക്കിയത്. അഞ്ചാം മിനിറ്റില്‍ കണ്ണൂരിന്റെ ഗോഗോയ് എടുത്ത ഫ്രീകിക്ക് തിരുവനന്തപുരത്തിന്റെ ബ്രസീലിയന്‍ ഗോളി സാന്റോസ് ക്രോസ്സ് ബാറിന് മുകളിലേക്ക് പ്രയാസപ്പെട്ട് കുത്തിയകറ്റി. എട്ടാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് വന്ന പന്ത് കണ്ണൂര്‍ താരം അക്ബര്‍ സിദ്ദീഖ് എതിര്‍ പോസ്റ്റില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിസില്‍ മുഴങ്ങി. പന്ത്രണ്ടാം മിനിറ്റില്‍ കണ്ണൂരിന്റെ സ്പാനിഷ് നായകന്‍ അഡ്രിയാന്‍ കോര്‍പ്പയും സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി സുരേഷ് ദേവരാജ് വീണ്ടും ഓഫ്സൈഡ് വിധിച്ചു.
ആദ്യ പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ അക്മല്‍ ഷാന്‍, സീസണ്‍ എന്നിവരുടെ ഒറ്റയാന്‍ ശ്രമങ്ങളില്‍ മാത്രം ഒതുങ്ങി തിരുവനന്തപുരത്തിന്റെ മുന്നേറ്റങ്ങള്‍. ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകന്‍ മോട്ട രണ്ടാം മഞ്ഞക്കാര്‍ഡും ഒപ്പം ചുവപ്പ് കാര്‍ഡും വാങ്ങി പുറത്തു പോയി. പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പന്‍സിനെതിരെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഫഹീസിനെ ഇറക്കി കണ്ണൂര്‍ ആക്രമണം കനപ്പിച്ചു. എന്നാല്‍ 4-4-1 ഫോര്‍മേഷനിലേക്ക് മാറി ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു കൊമ്പന്‍സിന്റെ നീക്കം.
അന്‍പത്തിയേഴാം മിനിറ്റില്‍ കണ്ണൂര്‍ നായകന്‍ കോര്‍പ്പ നീക്കിനല്‍കിയ പന്തുമായി മുന്നേറിയ കാമറൂണ്‍ താരം ലവ്‌സാംബ ബോക്‌സിന് പുറത്ത് നിന്ന് പറത്തിയ ഷോട്ട് കൊമ്പന്‍സ് പോസ്റ്റില്‍ കയറി. സൂപ്പര്‍ ലീഗ് കേരളയില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളില്‍ ഒന്ന് കണ്ണൂരിന് ലീഡ് നല്‍കി 1-0. അവസാന മിനിറ്റുകളില്‍ പകരക്കാരെ ഇറക്കി സമനിലക്കായി കൊമ്പന്‍സും സ്‌കോര്‍ നില ഉയര്‍ത്താന്‍ വാരിയേഴ്‌സും ശ്രമിക്കുന്നതിനിടെ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. കണ്ണൂര്‍ ബോക്‌സിന് തൊട്ടു മുന്നില്‍ വെച്ച് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് പകരക്കാരന്‍ ഗണേശന്‍ വലയിലെത്തിച്ചു 1-1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!