
കോഴിക്കോട്: കേരള ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് സമ്പൂർണ്ണ വിജയം. എ. പ്രദീപ് കുമാർ എംഎൽഎയെ പരാജയപ്പെടുത്തി ടോം ജോസ് കുന്നേൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 24 വർഷം പ്രസിഡന്‍റായി തുടർന്ന കെ.എം.ഐ മേത്തറിനെ ഓണററി പ്രസിഡന്റായി ജനറൽ ബോഡി നോമിനേറ്റ് ചെയ്തു.
എ. പ്രദീപ് കുമാർ എംഎൽഎ പ്രസിഡന്റ് സ്ഥാനത്തിനായി കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെ.എം.ഐ മേത്തർ പക്ഷക്കാരനായ ടോം ജോസ് കുന്നേലിന്‍റെ വിജയം അനായാസമായിരുന്നു. ആകെ പോൾ ചെയ്ത 40 വോട്ടിൽ 11 വോട്ട് മാത്രമാണ് പ്രദീപ് കുമാറിന് നേടാനായാത്.
കോഴിക്കോട് നിന്നുള്ള എംഎൽഎ ആയ പ്രദീപ് കുമാറിന് വേണ്ടി സിപിഎം ചരട് വലികൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. ടോം ജോസും പ്രദീപ് കുമാറും അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റുമാരായിരുന്നു. കേരള ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ടോം ജോസ് കുന്നേൽ പറഞ്ഞു.
ട്രഷറർ സ്ഥാനത്തേക്ക് പാലക്കാട് നിന്നുള്ള എം. ശിവകുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന 2 ജോയിന്റ് സെക്രട്ടറി സീറ്റിൽ മുഹമ്മദ് റഫീക്കും എസ്. അച്ചുവും തെരഞ്ഞെടുക്കപ്പെട്ടു. 6 വൈസ് പ്രസിഡന്റ്മാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഓരോ ജില്ല അസോസിയേഷനിൽ നിന്നും ജനറൽ ബോഡി അംഗങ്ങളായി മൂന്ന് പേരാണുള്ളത്. ഇത്തരത്തിൽ 14 ജില്ലകളിൽ നിന്നായി 42 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!