ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഇൻഫാന്‍റിനോയുടെ നീക്കത്തിനെതിരെ യുവേഫ, ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കും

Published : Jul 30, 2026, 09:56 PM IST
Donald Trump-Gianni Infantino

Synopsis

ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറും.

ജനീവ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ 'ലോകകപ്പ് സ്വകാര്യവൽക്കരണ' പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ 'യുവേഫ'. ലോകകപ്പിന്‍റെ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്, വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചു. യുവേഫയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ലോക ഫുട്ബോളിനെത്തന്നെ പിടിച്ചുകുലുക്കുന്ന ഈ ചരിത്ര പ്രഖ്യാപനമുണ്ടായത്. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകൾ പങ്കെടുക്കില്ലെന്ന് യുവേഫ ആഹ്വാനം ചെയ്തു.

ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറും. വ്യവസായി ജോഷുവ കുഷ്‌നറുടെ ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയാണ് ഇതിലെ പ്രധാന നിക്ഷേപകർ. ഈ പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം (ഏകദേശം 165 കോടിയിലധികം രൂപ) നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.

 

'ലോകകപ്പ് വിൽക്കാൻ ആർക്കും അവകാശമില്ല', രൂക്ഷവിമർശനവുമായി യുവേഫ

ഫിഫയുടെ ഈ സാമ്പത്തിക നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്. ഫുട്ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ ലാഭക്കൊതിക്ക് മുന്നിൽ പണയം വെക്കാൻ അനുവദിക്കില്ലെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉൽപ്പന്നമല്ല. അത് തലമുറകളായി താരങ്ങളും ആരാധകരും പടുത്തുയർത്തിയ ഫുട്ബോളിന്‍റെ ഏറ്റവും വലിയ പാരമ്പര്യമാണ്. അതിൽ ഒരു പങ്ക് പോലും സ്വകാര്യ നിക്ഷേപകർക്ക് വിറ്റഴിക്കാൻ കഴിയില്ല. ലോകകപ്പ് വിൽക്കാനുള്ളതല്ല. ബാഹ്യ നിക്ഷേപകർ എത്തുന്നതോടെ ഫുട്ബോളിന്‍റെ സ്വഭാവം തന്നെ മാറും. കളിയുടെ വളർച്ചയേക്കാൾ നിക്ഷേപകരുടെ ലാഭവിഹിതത്തിനായിരിക്കും പിന്നീട് മുൻഗണന നൽകേണ്ടി വരിക. വരുംതലമുറയ്ക്കായി സൂക്ഷിക്കേണ്ട ഈ കായിക പാരമ്പര്യം വിൽക്കാൻ ആർക്കും ധാർമ്മികമായ അവകാശമില്ലെന്നും യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

പോളണ്ടിൽ നടക്കാനിരിക്കുന്ന 'വുമൻസ് അണ്ടർ-20 ലോകകപ്പ്' ആണ് വരാനിരിക്കുന്ന അടുത്ത പ്രധാന ഫിഫ ടൂർണമെന്‍റ്. യൂറോപ്പിൽ വെച്ച് നടക്കുന്ന ഈ ടൂർണമെന്‍റ് തന്നെ ബഹിഷ്‌കരിക്കാൻ യുവേഫ തീരുമാനിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഫുട്ബോൾ ലോകത്ത് ഉടലെടുത്തിരിക്കുന്നത്. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, ഇറ്റലി തുടങ്ങിയ ലോക ഫുട്ബോളിലെ വൻശക്തികൾ ഒന്നടങ്കം വിട്ടുനിന്നാൽ വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്‍റുകളുടെ ഭാവി തന്നെ ചോദ്യചിഹ്നമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിന് വിരാമം, സാൾട്ട് ലേക്കിൽ മഞ്ഞക്കടലിരമ്പും, കൊല്‍ക്കത്തയിലെ ഇന്ത്യ-ബ്രസീല്‍ മത്സരത്തില്‍ ഔദ്യോഗിക പ്രഖ്യാപനം
ഹെയ്തിയിലെ മഹാ ഭൂകമ്പത്തെപ്പോലും അതിജീവിച്ച യഥാര്‍ത്ഥ 'വണ്ടര്‍ കിഡ്', അർജന്‍റീന കുപ്പായത്തില്‍ ചരിത്രമെഴുതി കിക്കി റാമോസ്