
ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു ജര്‍മനി. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജര്‍മനി പരാജയപ്പെടുന്നത്. മത്സരത്തിനിടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ അധിക സമയത്ത് ജോനാഥന്‍ താഹ് നേടിയ ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കിയതാണ് ജര്‍മ്മന്‍ ക്യാമ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ടാഹ് ഹെഡറിലൂടെ ജര്‍മ്മനിയെ മുന്നിലെത്തിച്ചെന്ന് കരുതിയ നിമിഷം. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ താരം വാല്‍ഡെമാര്‍ ആന്റണ്‍, പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിനെ ഫൗള്‍ ചെയ്‌തെന്ന് വാര്‍ ടീം കണ്ടെത്തി. മൊറോക്കന്‍ റഫറി ജലാല്‍ ജയേദ് വീഡിയോ സ്‌ക്രീനില്‍ പരിശോധിച്ച ശേഷം ഗോള്‍ നിഷേധിക്കുകയായിരുന്നു.
റഫറിയുടെ ഈ തീരുമാനത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലന്‍ ഷിയറര്‍ രംഗത്തെത്തി. വളരെ സോഫ്റ്റ് ആയ ഫൗള്‍ ആണെന്നും, റഫറിയുടെ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 'പെനാല്‍റ്റി ബോക്‌സില്‍ 13 കളിക്കാരുള്ളപ്പോള്‍ ഇത്തരം നേരിയ കോണ്‍ടാക്റ്റുകള്‍ ഫൗളായി കണക്കാക്കരുത്. ഗോള്‍കീപ്പര്‍ വീണത് വളരെ എളുപ്പത്തിലാണ്.' ഷിയറര്‍ ബിബിസിക്ക് നല്‍കിയ അഭിപ്രായത്തില്‍ പറഞ്ഞു. മുന്‍ ലോകകപ്പ് അസിസ്റ്റന്റ് റഫറി ഡാരന്‍ കാന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്, ഇത്തരം തീരുമാനങ്ങള്‍ പലപ്പോഴും ഗോള്‍കീപ്പര്‍ക്ക് അനുകൂലമായി വരാറുണ്ട് എന്നാണ്.
ഷൂട്ടൗട്ടില്‍ ജര്‍മ്മനിയായിരുന്നു ഫേവറിറ്റുകള്‍ എങ്കിലും, കൈ ഹാവെര്‍ട്സ്, നിക്ക് വോള്‍ട്ടെമേഡ്, ജോനാഥന്‍ ടാഹ് എന്നിവര്‍ക്ക് പിഴച്ചു. മറുവശത്ത് പരാഗ്വെ താരങ്ങളും രണ്ട് പെനാല്‍റ്റികള്‍ പാഴാക്കിയെങ്കിലും, 4-3 എന്ന സ്‌കോറില്‍ അവര്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.
ജര്‍മ്മന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളില്‍ ഒന്നായാണ് ഈ പുറത്താകല്‍ വിലയിരുത്തപ്പെടുന്നത്. റഫറിയുടെ തീരുമാനം മത്സരത്തിന്റെ ഗതിമാറ്റിയെന്നും, അത് ജര്‍മ്മനിയുടെ വിജയസാധ്യതയെ ഇല്ലാതാക്കിയെന്നുമാണ് ആരാധകരുടെയും അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!