
ബെംഗളൂരു: എന്തായാലും ഐഎസ്എല്ലില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ഫ്രീകിക്ക് തടയാന്‍ എതിർ ടീമിലെ താരങ്ങള്‍ തയ്യാറാകും മുമ്പ് കിക്കെടുത്ത് ഗോള്‍ നേടുക. പിന്നാലെ ഒരു ടീം പ്രതിഷേധസൂചകമായി കളം വിടുക! ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരം ടൂർണമെന്‍റ് ഇതുവരെ കാണാത്ത നാടകീയതകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഫ്രീകിക്കിലൂടെ ബെംഗളൂരു സൂപ്പർ താരവും ഇന്ത്യന്‍ ഇതിഹാസവുമായ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടർന്നുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ശിഷ്യന്‍മാരും മൈതാനത്തിന് നിന്ന് എക്സ്‍ട്രാടൈം പുരോഗമിക്കുന്നതിനിടെ മടങ്ങിയത്. ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദം കടുക്കുമ്പോള്‍ ആ ഗോള്‍ ഒരിക്കല്‍ക്കൂടി കാണാം.
സംഭവിച്ചത് എന്ത്?
ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ബെംഗളൂരു സൂപ്പർ താരം സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തില്‍ പന്ത് ചിപ് ചെയ്ത് വലയിലിട്ടു ഛേത്രി. ഛേത്രി കിക്കെടുക്കും മുമ്പ് റഫറി വിസില്‍ വിളിച്ചിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും തമ്മില്‍ തർക്കമായി. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് മൈതാനത്ത് പ്രവേശിച്ചു. ഇതേസമയം ഗോളാഘോഷത്തിലായിരുന്നു ഛേത്രിയും സംഘവും.
ഛേത്രിക്ക് ഗോള്‍ അനുവദിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ നീരസം ലൈന്‍ റഫറിയോട് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവാനും ലൈന്‍ റഫറിമാരും തമ്മില്‍ രൂക്ഷമായ തർക്കം നടന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളോട് മൈതാനം വിടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു വുകോമനോവിച്ച്. ശേഷം കുറച്ചുനേരം ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലക സംഘവും സൈഡ് ലൈനില്‍ ഇരുന്നു. പിന്നാലെ എല്ലാവരും കൂടി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മാച്ച് റഫറി എത്തി ഗ്രൗണ്ട് റഫറിമാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു എഫ്സി സെമിക്ക് യോഗ്യത നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.
വിവാദ ഗോളില്‍ കളംവിട്ട ബ്ലാസ്റ്റേഴ്സ് പുറത്ത്; ബെംഗളൂരു സെമിയില്‍! മഞ്ഞപ്പടയ്ക്ക് നാടകീയ മടക്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!