
ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്‍. ഫുട്‌ബോള്‍ പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്‍വി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മത്സരം അവസാനിച്ചതോടെ വികാരാധീനനായ നെയ്മര്‍ നിയന്ത്രണം വിട്ട് കരയുന്നത് കാണാമായിരുന്നു. തളര്‍ന്നുപോയ തന്റെ നായകനെ ആശ്വസിപ്പിക്കാന്‍ സഹതാരം റാഫിഞ്ഞ ഓടിയെത്തിയതും, ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു. പിന്നാലെ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാം ലോകകപ്പ് കളിക്കുന്ന നെയ്മര്‍ക്ക് ഒരിക്കല്‍ പോലും ടീമിനെ ലോക ചാമ്പ്യന്മാരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Neymar cai no choro após derrota do Brasil para Noruega. #BRAxNOR pic.twitter.com/0cbaEBd7Cw
— QG do POP (@QGdoPOP) July 5, 2026
Vinícius dándole un beso a Neymar y tratando de animarlo.
Durísimo 💔pic.twitter.com/CbTEqUaqLD— (fan) REAL MADRID FANS 🤍 (@AdriRM33) July 5, 2026
മെയ് മധ്യത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നെയ്മറിന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ സംശയത്തിലായിരുന്നു. പാനമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ കഠിനമായ ഫിസിയോതെറാപ്പിക്ക് ശേഷം ലോകകപ്പിനായി താരം തിരിച്ചെത്തിയത് ആരാധകരില്‍ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. ആ പ്രതീക്ഷകളാണ് ഇപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യത്തില്‍ കലാശിച്ചിരിക്കുന്നത്.
2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്.
അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!