
ധരംശാല: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒന്നാം ഏകദിന മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനിടയില്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കവരുന്ന ഒരു അപൂര്‍വ്വ നിമിഷം അരങ്ങേറി. ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വാര്‍ത്താ സമ്മേളനത്തിനിടയില്‍ അമ്മയുടെ ഫോണ്‍ കോള്‍ സ്വീകരിക്കാനായി സംസാരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നിതീഷ്. ഇതിനിടയിലാണ് താരത്തിന്റെ ഫോണ്‍ റിംഗ് ചെയ്തത്. സ്‌ക്രീനില്‍ അമ്മയുടെ പേര് കണ്ടയുടന്‍ താരം ഒട്ടും മടിക്കാതെ അനുവാദം ചോദിച്ചുകൊണ്ട് ഫോണ്‍ കയ്യിലെടുക്കുകയായിരുന്നു. 'ഒരു മിനിറ്റ്, അമ്മയാണ് വിളിക്കുന്നത്. എനിക്ക് ഈ കോള്‍ എടുക്കണം, ഇല്ലെങ്കില്‍ വീട്ടില്‍ ചെന്നാല്‍ എനിക്ക് പണി കിട്ടും,' നിതീഷ് ചിരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഡിയോ...
🚨 WHOLESOME MOMENT 🚨 ❤️
Nitish Kumar Reddy mother called him while he was attending the press conference. 😄
No matter how big you become, you’ll always be a child to your mother. ❤️ pic.twitter.com/IzhjddoiLT— AtifOnCricket 🏏 (@cricatif) June 14, 2026
The wholesome moment.😍
During Post match Press Conference Nitish Kumar Reddy attending his mother's call.#INDvsAFG#Crickettwitter
pic.twitter.com/My0lqIS86I— DIVYANSH CHAUHAN (@Imchauhan28) June 14, 2026
മാധ്യമപ്രവര്‍ത്തകരും താരത്തിന്റെ ഈ പെട്ടെന്നുള്ള മറുപടി കേട്ട് പൊട്ടിച്ചിരിച്ചു. തുടര്‍ന്ന് ഫോണിലൂടെ അമ്മയോട് താന്‍ പ്രസ് കോണ്‍ഫറന്‍സിലാണെന്നും കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്നും താരം സ്‌നേഹത്തോടെ പറയുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നിതീഷ് റെഡ്ഡിയുടെ ഈ ലളിതവും ഹൃദ്യവുമായ പെരുമാറ്റം വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്. എത്ര വലിയ താരമായാലും അമ്മയോടുള്ള സ്‌നേഹവും ബഹുമാനവും തന്നെയാണ് മുന്നില്‍ എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ഇന്ത്യക്ക് ജയം
അതേസമയം, അഫ്ഗാനിസ്ഥാനതെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഗില്ലിനൊപ്പം 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി രോഹിത് ശര്‍മ (16) ആദ്യം മടങ്ങി. ആറാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു രോഹിത്. പിന്നീട് ഗില്‍ - ഇഷാന്‍ കിഷന്‍ (22 പന്തില്‍ 34) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 13-ാം ഓവറില്‍ കിഷനെ ബൗള്‍ഡാക്കുകയായിരുന്നു താരം.
തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കാവട്ടെ (12) അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 142 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലിന്റെ (19 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്സ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഗില്ലിനൊപ്പം 53 ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചു. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഗില്‍ രണ്ട് സിക്സും 11 ഫോറും നേടി. നരത്തെ, റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് (51 പന്തില്‍ 102) സെഞ്ചുറിയാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!