ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

By Web TeamFirst Published Sep 10, 2019, 1:18 PM IST
Highlights

ഖത്തറിന്‍റെ പവർ ഗെയ്മിനെ ചെറുത്തുനിൽക്കാൻ അവസാന നിമിഷങ്ങളിൽ ഗോൾവഴങ്ങുന്ന ശീലം മാത്രം പരിഹരിച്ചാൽ മതിയാവില്ല ഇന്ത്യക്ക്. അഫ്ഗാനിസ്ഥാനെ ആറ് ഗോളിന് തകർത്താണ് ഖത്തർ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെ നേരിടും. ദോഹയിൽ ഇന്ത്യൻസമയം രാത്രി പത്തിനാണ് കളിതുടങ്ങുക. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളിക്കുന്ന കാര്യം സംശയമാണ്. ലോകകപ്പ് യോഗ്യതയെന്ന സ്വപ്നവുമായി ജാസിം  ബിൻ ഹമാദ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ സമനിലപോലും ഇന്ത്യക്ക് ജയത്തിന് തുല്യമാണ്.കാരണം ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറാണ് മുന്നിലുള്ളത്.

ഒമാനെതിരെ 82 മിനിറ്റുവരെ മുന്നിട്ടുനിന്നശേഷം കളികൈവിട്ടാണ് ഇന്ത്യ ദോഹയിൽ എത്തിയിരിക്കുന്നത്. ഖത്തറിന്‍റെ പവർ ഗെയ്മിനെ ചെറുത്തുനിൽക്കാൻ അവസാന നിമിഷങ്ങളിൽ ഗോൾവഴങ്ങുന്ന ശീലം മാത്രം പരിഹരിച്ചാൽ മതിയാവില്ല ഇന്ത്യക്ക്. അഫ്ഗാനിസ്ഥാനെ ആറ് ഗോളിന് തകർത്താണ് ഖത്തർ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ആഷിക് കുരുണിയനൊപ്പം സഹൽ അബ്ദുൽ സമദും അനസ് എടത്തൊടികയും ആദ്യ ഇലവനിൽ എത്തുമെന്നാണ് സൂചന. ടീമിൽ മാറ്റമുണ്ടാവുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച് വ്യക്തമാക്കിക്കഴിഞ്ഞു. സുനിൽ ഛേത്രിയെ മുന്നിൽ നിർത്തി 4.3.2.1 ഫോർമേഷനിൽ തന്നെയാവും ഇന്ത്യ കളിക്കുക. ഇന്ത്യയും ഖത്തറും ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിലും ഖത്തർ ജയിച്ചു.

രണ്ടെണ്ണം സമനില പിടിക്കാനായതാണ് ഇന്ത്യയുടെ നേട്ടം. ഫിഫ റാങ്കിൽ ഖത്തർ അറുപത്തിരണ്ടും ഇന്ത്യ നൂറ്റിമൂന്നും സ്ഥാനത്താണ്.

click me!