മധ്യനിര ജീനിയസ് സ്‌നൈഡര്‍ വിരമിച്ചു

By Web TeamFirst Published Aug 13, 2019, 10:38 AM IST
Highlights

അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായി പേരെടുത്ത താരം ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സീരി എ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

ആംസ്റ്റര്‍ഡാം: പ്രഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡച്ച് ഇതിഹാസം വെസ്‌ലി സ്‌നൈഡര്‍. റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മുപ്പത്തിയഞ്ചുകാരനായ സ്‌നൈഡര്‍ ഖത്തര്‍ ക്ലബ് അല്‍ ഗരാഫക്കായാണ് അവസാനം കളിച്ചത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിരമിച്ച താരം ക്ലബ് കരിയറില്‍ തുടരുകയായിരുന്നു. 

അയാക്‌സ് യൂത്ത് അക്കാദമിയിലൂടെയാണ് വെസ്‌ലി സ്‌നൈഡര്‍ വളര്‍ന്നത്. സീനിയര്‍ ക്ലബ് കരിയറിന് 2002ല്‍ തുടക്കമിട്ടതും അയാക്‌സില്‍. കരിയറിലുടനീളം പ്ലേമേക്കറായി പേരെടുത്ത താരം ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സീരി എ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ക്ലബ് കരിയറില്‍ 405 മത്സരങ്ങളില്‍ നിന്ന് 117 ഗോള്‍ നേടി. 

നെതര്‍ലന്‍ഡ്‌സിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് സ്‌നൈഡര്‍ക്ക് സ്വന്തമാണ്. 2003 മുതല്‍ 2018 വരെ 134 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടി. സ്‌പെയിനോട് പരാജയപ്പെട്ട് 2010 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഡച്ച് ടീമിലും 2014 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ഓറഞ്ച് പടയിലും അംഗമായി. 2010ല്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി സ്‌നൈഡറെ ഫിഫ തെരഞ്ഞെടുത്തു. 

click me!