ട്രിപ്പിള്‍ ലോക്കില്‍ തലസ്ഥാനം; ഇടവഴികളടച്ച് പരിശോധന കൂട്ടി പൊലീസ്

First Published May 17, 2021, 1:09 PM IST

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയതോടെ തലസ്ഥാന നഗരത്തിലെ ഇടറോഡുകളിൽ രാവിലെ വാഹനങ്ങളുടെ വൻ നിര. തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പൊലീസ് പാടുപെട്ടു. കര്‍ശന നിയന്ത്രണമാണ് നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ടായിരുന്നത്. നഗരത്തിലേക്കുള്ള പ്രധാന ആറ് വഴികൾ ഒഴികെ ബാക്കിയെല്ലാം അടച്ചിട്ടു. രാവിലെ ഓഫീസുകളിലേക്കായി ഇറങ്ങിയവരും അവശ്യ സര്‍വ്വീസുകാരും മറ്റുമാണ് വാഹനങ്ങളുടെ നീണ്ടനിരയിൽ അകപ്പെട്ട് പോയത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പ്രധാന കവാടത്തിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍. 

തലസ്ഥാന നഗരത്തിലേക്ക് എത്താനുള്ള ഇടറോഡുകൾ എല്ലാം പൊലീസ് ഇന്നലെ അര്‍ധരാത്രി തന്നെ അടച്ചിരുന്നു. എല്ലാ റോഡിലും പരിശോധന സംഘങ്ങളുമുണ്ട്. ആറും ഏഴും ഇടത്ത് പരിശോധന പൂർത്തിയാക്കിയാല്‍ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്നതാണ് അവസ്ഥ. പൊലീസ് അടച്ചിട്ട ഇടവഴികളില്‍ നിന്ന് ആളുകളെ വഴി തിരിച്ച് വിട്ടതോടെയാണ് പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്.
undefined
അതേ സമയം അവശ്യ സര്‍വ്വീസുകൾക്ക് കടുത്ത നിയന്ത്രണം തലസ്ഥാന നഗരത്തിൽ ഏര്‍പ്പെടുത്തിയിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലാണ് നിയന്ത്രണമെന്നാണ് പൊതു വിലയിരുത്തൽ.
undefined
എങ്കിലും ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു.
undefined
ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടർ പറ‍ഞ്ഞു.
undefined
ജില്ലയിൽ ഇപ്പോഴും കൊവിഡ്‌ വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാ​ഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്.
undefined
അതിനാല്‍ സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരും. ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടർ അഭ്യര്‍ത്ഥിച്ചു.
undefined
തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിലാണ് സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക് ഡൗൺ.
undefined
ഈ ജില്ലകളുടെ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട് പൊലീസിന്‍റെ വാഹന പരിശോധന നടക്കുന്നുണ്ട്.
undefined
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ കിട്ടുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് (തിങ്കള്‍, ബുധന്‍‌, വെള്ളി) തുറക്കുന്നത്. ഹോട്ടലുകളില്‍ പാഴ്സലില്ല. പകരം ഹോം ഡെലിവറി മാത്രമാണ് ഉണ്ടായിരിക്കുക.'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFights
undefined
click me!