സൗദി അറേബ്യയിലെ ഒട്ടക ശില്പങ്ങള്‍ക്ക് 7000 ത്തിനും 8000 ത്തിനും ഇടയില്‍ പഴക്കമെന്ന് പുരാവസ്തു ഗവേഷകര്‍

First Published Sep 16, 2021, 11:33 AM IST


റ്റവും പഴക്കമുള്ള ശിലാരേഖകള്‍ അഥവാ ശിലാചിത്ര/ശില്പങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഏകദേശ കാലഘട്ടം മാത്രമേ പറയാന്‍ കഴിയൂവെന്ന് പുരാവസ്തു ശാസ്ത്രവും പറയുന്നു. സൗദി അറേബ്യയിലെ ശിലാ മുഖങ്ങളിൽ കൊത്തിയ ഒട്ടക ശില്പങ്ങളുടെ പരമ്പരകളുടെ കാലഗണനയെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷക കണ്ടെത്തലുകള്‍ ഇത് ശരിവെക്കുന്നു. 2018 ലാണ് ആദ്യമായി സൗദി അറേബ്യയിലെ ശിലാമുഖങ്ങളിൽ ഒട്ടക ശില്പങ്ങളുടെ പരമ്പര കണ്ടെത്തിയത്. അന്നത്തെ പഠനങ്ങളനുസരിച്ച് ഏതാണ്ട് 2000 വര്‍ഷത്തെ പഴക്കമാണ് ഈ ശിലാ ശില്പങ്ങള്‍ക്ക് കണക്കാക്കിയത്. എന്നാല്‍ അതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പാണ് ഈ ശില്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച്  ഗവേഷകര്‍ ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പുതിയ പഠനവും പ്രസിദ്ധീകരിച്ചു. 

2018 ൽ മരുഭൂമിയില്‍ ഒട്ടക ശില്പങ്ങളുടെ കൊത്തുപണികൾ ആദ്യമായി കണ്ടെത്തിയപ്പോൾ, ഗവേഷകർ അതിന് ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് നിര്‍മ്മിച്ചവയാണെന്നാണ് അനുമാനിച്ചിരുന്നത്. 

ജോർദാനിലെ പ്രശസ്തമായ പുരാതന നഗരമായ പെട്രയിലെ ലംബശില്പങ്ങളുമായി സാമ്യമുള്ളതാണ് ഇതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഒരു പുതിയ പഠനം ഒട്ടക ശില്പങ്ങള്‍ക്ക് 7,000 വര്‍ഷത്തിനും 8,000 വര്‍ഷത്തിനും ഇടയില്‍ പ്രായം കണക്കാക്കുന്നു.  

പ്രകൃതിയിലെ എല്ലാ മാറ്റങ്ങളോടും പ്രതികരിക്കുന്ന തരത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം ശിലാ ചിത്രങ്ങള്‍ക്ക് കാലക്രമേണയുണ്ടാകുന്ന രൂപ-രാസമാറ്റങ്ങള്‍ ഗവേഷകർക്ക് ഒരു വെല്ലുവിളിയാണ്.

ഇത്തരം ശില്പങ്ങളുടെ കാലഗണന നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മറ്റ് ജൈവവസ്തുക്കളൊന്നും ഈ പ്രദേശങ്ങളില്‍ നിന്ന് ലഭ്യമാകണമെന്നുമില്ല. മാത്രമല്ല ഇത്രയേറെ വലുപ്പമുള്ള പാറയും അതിലെ ശിലാരൂപങ്ങളും മരുഭൂമി പോലൊരു ഭൂപ്രദേശത്ത് അപൂര്‍വ്വമാണെന്നും ഗവേഷകര്‍ പറയുന്നു.

പ്രദേശത്തെ മണ്ണൊലിപ്പിന്‍റെ ഘടന, ടൂള്‍ മാര്‍ക്കുകള്‍ എന്നിവ വിശകലനം ചെയ്ത ഗവേഷകര്‍ ശില്പങ്ങളുടെ കാലഗണന നിര്‍ണ്ണയിക്കാനായി പ്രദേശത്ത് നിന്ന് മൃഗങ്ങളുടെ അസ്ഥികളും ശേഖരിച്ചു. 

ഇത്തരത്തില്‍ വിശദമായി നടത്തിയ പഠനത്തില്‍ നിന്നാണ് സ്റ്റോൺഹെഞ്ച് (5,000 വർഷം പഴക്കം) അല്ലെങ്കിൽ ഗിസയിലെ പിരമിഡുകൾ (4,500 വർഷം പഴക്കം) പോലുള്ള പുരാതന കണ്ടെത്തലുകളേക്കാള്‍ കാലപ്പഴക്കം ഒട്ടക ചിത്രങ്ങള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയ്ത്. 

എന്നാല്‍, തങ്ങളെ ആശ്ചര്യപ്പെടുത്തിയ ചില കാര്യങ്ങള്‍ കൂടുയുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. അതായത് ഈ ശില്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ട കാലത്ത് സൌദി അറേബ്യ ഇന്നത്തെ രീതിയില്‍ മരുഭൂമിയായിരുന്നില്ല. മറിച്ച് തടാകങ്ങള്‍ നിറഞ്ഞ പുല്‍മേടുകളായിരുന്നു. 

അത്തരമൊരു പ്രദേശത്ത് ഒട്ടക ശില്പങ്ങള്‍ ഏങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. ഒടുവില്‍ ശില്പങ്ങള്‍ കണ്ടെത്തിയ പ്രദേശം അക്കാലത്തെ നാടോടികളായ ഗോത്ര സഞ്ചാരികളുടെ ഒരു കൂടിച്ചേരല്‍ സ്ഥലമാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തി ചേര്‍ന്നു. 

അപ്പോഴാണ് അടുത്ത പ്രശ്നം ഉദിച്ചത്. പല ശില്പങ്ങളും ഇന്നത്തെ തറനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഇത്രയും ഉയരത്തില്‍ ശില്പങ്ങള്‍ പണിയാന്‍ വലിയ ഏണികളോ അല്ലെങ്കില്‍ അതുപോലുള്ള എന്തെങ്കിലും വേണമെന്നും ഗവേഷകര്‍ പറയുന്നു. 

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരമൊരു സാങ്കേതിക ജ്ഞാനം മനുഷ്യന് സാധ്യമായിരുന്നോ എന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. 

ഇംഗ്ലണ്ടിലെ വിൽറ്റ്ഷയറിലെ സാലിസ്ബറി സമതലത്തിലുള്ള ചരിത്രാതീത സ്മാരകമാണ് സ്റ്റോൺഹെഞ്ച്. ഇതിന് 13 അടി (4.0 മീറ്റർ) ഉയരവും ഏഴ് അടി (2.1 മീറ്റർ) വീതിയും 25 ടൺ ഭാരവുമുള്ള ലംബവും തിരശ്ചീനവുമായ കല്ലുകളുടെ ഒരു കൂട്ടമാണിത്. നൂറുകണക്കിന് ശ്മശാനങ്ങളുള്‍പ്പെടെ ഇംഗ്ലണ്ടിലെ നിയോലിത്തിക്ക്, വെങ്കലയുഗ സ്മാരകങ്ങളുടെ അറിയപ്പെടുന്ന സ്മാരകമാണിത്. 


ഗിസയിലെ വലിയ പിരമിഡ് (ഖുഫുവിന്‍റെ പിരമിഡ് അല്ലെങ്കിൽ ചിയോപ്സിന്‍റെ പിരമിഡ് എന്നും അറിയപ്പെടുന്നു) ഈജിപ്തിലെ ഗ്രേറ്റർ കെയ്റോയിലെ ഇന്നത്തെ ഗിസയുടെ അതിർത്തിയിലുള്ള ഗിസ പിരമിഡ് സമുച്ചയത്തിലെ ഏറ്റവും പഴയതും വലുതുമായ പിരമിഡാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!