Snowfall fall: വരള്‍ച്ചയ്ക്ക് പിന്നാലെ കൊടുങ്കാറ്റ്, പെരുമഴ, പിന്നെ ഹിമപാതവും; ദുരന്തം നിറഞ്ഞ് കാലിഫോര്‍ണിയ

First Published Dec 16, 2021, 3:53 PM IST

വേനല്‍ക്കാലത്ത് അതിശക്തമായ വളര്‍ച്ചയായിരുന്നു യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയത്. വളര്‍ച്ച ശക്തമായപ്പോള്‍, ഉഷ്ണതരംഗങ്ങളുടെ വരവായി. തൊട്ട് പുറകെ സംസ്ഥാനത്തെ വനപ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിച്ചു. ഇതിനൊരു ശമനമുണ്ടായത് ഡിസംബര്‍ മാസത്തോടെയാണ്. എന്നാല്‍, വളര്‍ച്ചയില്‍ അല്‍പ്പം ആശ്വാസമായി മഞ്ഞ് കാലം തുടങ്ങിയെന്ന് കരുതിയിരിക്കുമ്പോളാണ് കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചത്. ഇതോടെ സംസ്ഥാനത്തെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ന്നു. തൊട്ട് പിന്നാലെ ഹിമപാതവും കൂടിയായതോടെ സംസ്ഥാനം ഏതാണ്ട് പൂര്‍ണ്ണമായും ദുരന്തത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാലാവസ്ഥാ വ്യതിയാനമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പലസ്ഥലങ്ങളിലായി 11 സെന്‍റീമീറ്റര്‍ മുതല്‍ 28 സെന്‍റീമീറ്റര്‍ വരെ മഴയാണ് രേഖപ്പെടുത്തിയത്. അതിശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ച് പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. 

ശക്തമായ മഴയെ തുടര്‍ന്ന് ലോസ് ഏഞ്ചൽസ് നദി കരകവിഞ്ഞു. ഇതുവരെയായി നദിയില്‍ നിന്ന് മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി. നദിയിലെ ജലനിരപ്പ് താഴ്ന്ന ശേഷമാണ് ഇവയെ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞത്. ഇതുവരെയായി ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം മൂലം പസഫിക് സമുദ്രത്തിൽ നിന്നുള്ള ഈർപ്പം അതിശക്തമായ രീതിയിലാണ് വലിച്ചെടുക്കപ്പെടുന്നത്. ഇത് പിന്നീട് താഴ്ന്ന പ്രദേശങ്ങളില്‍ പെരുമഴയായും ഹിമപാതമായും നിക്ഷേപിക്കപ്പെടുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരും പറയുന്നു. 

വടക്കൻ കാലിഫോർണിയയിൽ ആഴ്ചയവസാനം ആരംഭിച്ച കൊടുങ്കാറ്റ്, നെവാഡ വരെയുള്ള ഉൾനാടന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമായി. ഇവിടെ ഞായറാഴ്ച രാത്രി മുതൽ 6 അടി (1.8 മീറ്റർ) മഞ്ഞാണ് നിക്ഷേപിക്കപ്പെട്ടത്. റെനോയുടെ തെക്ക് പടിഞ്ഞാറുള്ള മൗണ്ട് റോസ് സ്കീ റിസോർട്ടിൽ 4 അടിയിലധികം മഞ്ഞുവീണു. 
 

താഹോ തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഹെവൻലിയിൽ 1.2 മീറ്റർ കനത്തിലാണ് മഞ്ഞ് വീണത്. കിഴക്കൻ സിയറയിലെ മാമോത്ത് പർവതത്തിലും ഏകദേശം 4 അടി (1.2 മീറ്റർ) ഉയരത്തിലാണ് മഞ്ഞാണ്. കാലിഫോർണിയയിലെ സാന്താ ബാർബറ കൗണ്ടിയിലെ അലിസൽ ഫയർ ബേൺ സ്കാർക്ക് സമീപമുള്ള നിവാസികളോട് വെള്ളപ്പൊക്കം കാരണം പ്രദേശത്ത് നിന്ന് മാറിപോകാന്‍ ആവശ്യപ്പെട്ടിരുന്നു. 

ചൊവ്വാഴ്‌ച തെക്കൻ കാലിഫോർണിയയിലൂടെ ശക്തമായ കൊടുങ്കാറ്റാണ് വീശിയത്. ഇതോടെ വരൾച്ച ബാധിച്ച സംസ്ഥാനത്ത് പ്രളയഭീതിയുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് ചില പ്രദേശങ്ങളിൽ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായി ഇതോടെ ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 

ഞായറാഴ്ച ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ചയും തുടരുന്നതിനാൽ കിഴക്കൻ സിയറ നെവാഡയിലെ മോണോ, ഇൻയോ കൗണ്ടി പ്രദേശങ്ങളിൽ ഹിമപാത മുന്നറിയിപ്പുണ്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചിട്ട ചില റിസോര്‍ട്ടുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിന് തെക്ക് ഓറഞ്ച് കൗണ്ടിയിലെ 800 വീടുകളോട് ചൊവ്വാഴ്ച മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ സംസ്ഥാനത്ത് ശക്തമായ മഞ്ഞ് പെയ്യുന്നതിനാല്‍ ജലനിരീക്ഷകർ ചെറിയ സന്തോഷത്തിലാണ്. കാരണം കാലാവസ്ഥ ചൂടുപിടിക്കുമ്പോൾ ഉരുകുന്ന മഞ്ഞ്, സംസ്ഥാനത്തെ ജലവിതരണത്തിന്‍റെ മൂന്നിലൊന്ന് വരും. സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഗോത്രങ്ങൾ, കർഷകർ, യൂട്ടിലിറ്റികൾ എന്നിവിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന മിക്ക പടിഞ്ഞാറൻ യുഎസ് റിസർവോയറുകളും വസന്തകാലത്ത് ഉരുകിയ മഞ്ഞുവീഴ്ചയെയാണ് ആശ്രയിക്കുന്നത്.

 'നിങ്ങൾ അക്ഷരാർത്ഥത്തിൽ അവിടെ വെള്ളം നിക്ഷേപിക്കുകയാണ്,' എന്നാണ് കാലിഫോർണിയയിലെ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാലിഫോർണിയയിലെ വാട്ടർ പോളിസി സെന്‍ററിലെ സീനിയർ ഫെലോ ആയ ജെഫ്രി മൗണ്ട് പറഞ്ഞത്. മൊണ്ടാന, ഒറിഗോൺ, കാലിഫോർണിയ, നെവാഡ, യൂട്ടാ എന്നീ വിശാലമായ പ്രദേശങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂല അസാധാരണമായ വരൾച്ചയിലാണെന്ന് യുഎസിലെ ഏറ്റവും പുതിയ വരൾച്ചാ നിരീക്ഷണം ചൂണ്ടിക്കാട്ടുന്നു. 

പർവതപ്രദേശങ്ങളിൽ ഇപ്പോഴും മഞ്ഞുവീഴ്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം,  കാലിഫോർണിയയിലൂടെ രണ്ടാമത്തെ ചുഴലിക്കാറ്റും താമസിക്കാതെ കടന്ന് പോകുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടെന്ന് നെവാഡ സ്റ്റേറ്റ് ലൈനിലെ റെനോയിലെ കാലാവസ്ഥാ കേന്ദ്രത്തിലെ എഡാൻ വെയ്‌ഷാൻ പറഞ്ഞു. 
 

click me!