യുവാക്കള്‍ 'രക്ഷപ്പെടുന്നത്' തടയാന്‍, ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ സൈനിക ചെക്ക് പോയന്‍റ് സ്ഥാപിച്ച് റഷ്യ

Published : Sep 27, 2022, 02:47 PM ISTUpdated : Sep 27, 2022, 02:49 PM IST

യുക്രൈനിലെ തോല്‍വി മുന്നില്‍ കണ്ട്, രാജ്യത്തിന്‍റെ റിസര്‍വ് ബറ്റാലിയനിലേക്ക് 3,00,000 പേരെ കൂടി ചേര്‍ക്കാനുള്ള പദ്ധതി പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്ന് നിരവധി പേര്‍ രാജ്യം വിടാനായി അതിര്‍ത്തികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിസ വേണ്ടാതെ എത്തിചേരാന്‍ കഴിയുന്ന സുഹൃത്ത് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വിമാനകമ്പനികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സ്വന്തം മക്കളെ യുക്രൈന്‍ യുദ്ധത്തിന് വിട്ട് തരില്ലെന്ന് പ്രഖ്യാപിച്ച് റഷ്യയിലെ വിവിധ നഗരങ്ങളില്‍ അമ്മമാരുടെ പ്രതിഷേധവും സംഘടിക്കപ്പെട്ടു. എന്നാല്‍, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റഷ്യയുടെ ഏകാധിപത്യ ഭരണകൂടം ആവര്‍ത്തിച്ചത്. ഇതിന് പിന്നാലെ 18 ഉം 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് വിമാന ടിക്കറ്റ് നല്‍കരുതെന്ന നിര്‍ദ്ദേശവും വിമാനക്കമ്പനികള്‍ക്ക് ലഭിച്ചു. എന്നാല്‍, ഏത് വിധേനയും രാജ്യം വിടാനുള്ള ഓട്ടത്തിലാണ് റഷ്യക്കാരെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. 

PREV
119
യുവാക്കള്‍ 'രക്ഷപ്പെടുന്നത്' തടയാന്‍, ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ സൈനിക ചെക്ക് പോയന്‍റ് സ്ഥാപിച്ച് റഷ്യ

നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും രക്ഷതേടിയുള്ള ജനങ്ങളുടെ ശ്രമത്തിന് തടയിടാനും  പട്ടാള നിയമം കൊണ്ടുവരാനും പുടിന്‍ ആലോചിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും റഷ്യ-ജോര്‍ജിയ അതിര്‍ത്തിയില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

219

എന്നാല്‍, ജനങ്ങള്‍ കരമാര്‍ഗ്ഗം രക്ഷപ്പെടുന്നത് തടയാനായി പുടിന്‍, രാജ്യാതിര്‍ത്തികളില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ഇവയുടെ നിയന്ത്രണം സൈന്യത്തെ ഏല്‍പ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ അതിര്‍ത്തികളില്‍ കവചിത വാഹനങ്ങളുടെ സാന്നിധ്യം സാമൂഹിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

319

റഷ്യയിൽ നിന്ന് ജോർജിയയിലെ സൗത്ത് ഒസ്സെഷ്യ മേഖലയിലേക്കുള്ള പ്രധാന ഹൈവേയിൽ, ചെറിയ പട്ടണമായ ച്മിയിലേക്കുള്ള വഴിയില്‍ സൈനിക സജ്ജമായ കവചിതവാഹനങ്ങള്‍ എത്തിചേര്‍ന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടെ റഷ്യയില്‍ നിന്നും ജോര്‍ജിയയിലേക്ക് കടക്കാനായെത്തിയ നൂറ് കണക്കിന് കാറുകള്‍ കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

419

അതിര്‍ത്തികളില്‍ പുതിയ ചെക്ക് പോയന്‍റുകള്‍ സ്ഥാപിക്കുമെന്നും രാജ്യം വിടാനൊരുങ്ങുന്നവരെ തടയാനായി സൈന്യത്തെ അയച്ചതായും എഫ്‌എസ്‌ബി പറഞ്ഞു. ഇതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിട്ട റഷ്യക്കാരുടെ എണ്ണം 2,60,000 കവിഞ്ഞതായി ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

519

അതിര്‍ത്തിയിലെ പുതിയ സൈനിക വിന്യാസത്തെക്കുറിച്ചും പുതിയ സൈനിക നിയമത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അത്തരം പദ്ധതികളെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു റഷ്യൻ പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. 

619

'ഇപ്പോൾ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും', അദ്ദേഹം മോസ്കോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.  പ്രസിഡൻഷ്യൽ കൊട്ടാരത്തിനുള്ളിലെ ഒരു ഉറവിടം ഉദ്ധരിച്ച്, അതിര്‍ത്തികളിലെ കൂട്ടപലായനം തടയാന്‍ റഷ്യ അതിര്‍ത്തികള്‍ അടച്ച് പൂട്ടുകയാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റഷ്യന്‍ മാധ്യമമായ മെഡൂസയാണ്. 

719

സൈനിക പരിചയമുള്ള 3,00,000 പുരുഷന്മാരോട് സൈന്യത്തിന്‍റെ ഭാഗമാകണമെന്ന പുടിന്‍റെ നിര്‍ദ്ദേശം കര്‍ശനമല്ലെന്നും അത് ഒരു പിശകായിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, അപ്പോഴും ട്വിറ്ററിലെ ചില വീഡിയോകളില്‍ റഷ്യന്‍ അതിര്‍ത്തികളില്‍ കിലോമീറ്റര്‍ ദൂരത്തോളം അതിര്‍ത്തി കടക്കാനായി കാത്തിരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാണിച്ചു. 

819

'അനുസരണമില്ലായ്മ കുറഞ്ഞ് വരികയാണെന്നും പിഴവുകള്‍ തിരുത്തി കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിമിത്രി പെസ്കോവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പുതിയ സൈനിക റിക്രൂട്ട്മെന്‍റിനായെത്തിയ ഒരു കമ്മീഷണറെ  സൈബീരിയൻ മേഖലയായ ഇർകുട്‌സ്കിലെ ഡ്രാഫ്റ്റ് ഓഫീസിനുള്ളിൽ വച്ച് വെടി വച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തകളും പുറത്ത് വന്നു. 

919

25 വയസ്സുള്ള ഒരു പ്രദേശവാസിയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് സൈനിക പരിചയമില്ലാതിരുന്ന ഇയാള്‍ക്ക് സൈന്യത്തിലേക്കുള്ള 'വിളി' വന്നതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് അവന്‍റെ അമ്മ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

1019

കുറച്ച് പേരെ ആവശ്യമുണ്ടെന്നാണ് അവര്‍ പറഞ്ഞത് എന്നാല്‍, ഇപ്പോള്‍ എല്ലാവരെയും കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സൈനിക റിക്രൂട്ട്മെന്‍റ് സംബന്ധിച്ച് മറീന സീനിന എന്ന സ്ത്രീ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു റിക്രൂട്ട്‌മെന്‍റ് ഓഫീസർക്ക് പരിക്കേറ്റതായും 'ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പോരാടുകയാണെന്നും' റീജിയണൽ ഗവർണർ ഇഗോർ കോബ്‌സേവ് പറഞ്ഞു.

1119

'മറിച്ച്, നമ്മൾ ഒരുമിച്ചിരിക്കേണ്ട സമയത്താണ് ഇത് സംഭവിക്കുന്നത് എന്നതിൽ ഞാൻ ലജ്ജിക്കുന്നു. നമ്മൾ ഓരോരുത്തരുമായും പോരാടരുത്, യഥാർത്ഥ ഭീഷണികൾക്കെതിരെയാണ് പോരാടേണ്ടതെന്നും,' ഗവർണർ ഇഗോർ കോബ്‌സേവ് പറഞ്ഞു. യുക്രൈന്‍ അധിനിവേശം ഏട്ടാമാസത്തിലേക്ക് കടക്കുമ്പോള്‍ തെക്ക് കിഴക്കന്‍ യുക്രൈനിലും റഷ്യന്‍ സേന കനത്ത തിരിച്ചടി നേരിടുകയാണ്. 

1219

ഇതിനിടെയാണ് പുതുതായി 3,00,000 റിസര്‍വ് സൈനികരോട് സൈന്യത്തിന്‍റെ ഭാഗമാകാന്‍ പുടിന്‍ ഉത്തരവിട്ടത്. ഇതിന് തൊട്ട്പിന്നാലെ റഷ്യക്കാര്‍ രാജ്യം വിടാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നേരത്തെ യുക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്തും റഷ്യന്‍ ജനത രാജ്യം വിടാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 

1319

പുടിന്‍റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ മോസ്കോയിലും സെന്‍റ്പീറ്റേഴ്സ് ബര്‍ഗിലും സൈബീരിയന്‍ നഗരങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാജ്യത്തുടനീളം 2,000-ലധികം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായി റഷ്യന്‍ പോലീസ് അറിയിച്ചു. കൂടാതെ സൈനിക നിയമത്തിനെതിരെ പ്രതികരിച്ചാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1419

നഗരങ്ങളിലെ പ്രതിഷേധം തടയുന്നതിനായി റഷ്യ, പ്രാന്തപ്രദേശങ്ങളിലെ പ്രത്യേകിച്ച് സൈബീരിയയിലോ വംശീയ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന വടക്കൻ കോക്കസസ് പോലെയോ ഉള്ള വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെയോ നിർബന്ധിത സൈനികസേവനത്തിനായി റിക്രൂട്ട് ചെയ്യുകയാണെന്നും വിമർശകർ ആരോപിച്ചു.

1519

നോർത്ത് കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്താനില്‍ 100 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതതായി ഒരു പോലീസ് നിരീക്ഷണ എൻ‌ജി‌ഒ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളില്‍ ദരിദ്രരും മുസ്ലീം ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കിലെ പ്രതിഷേധക്കാരും റഷ്യന്‍ പോലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നതായി തെളിവ് നല്‍കുന്നു. 

1619

'നിങ്ങൾ എന്തിനാണ് ഞങ്ങളുടെ കുട്ടികളെ കൊണ്ടുപോകുന്നത്?' റഷ്യൻ മാധ്യമങ്ങൾ കാണിച്ച പ്രതിഷേധ വീഡിയോകളിൽ ഒരു സ്ത്രീ നിലവിളിച്ചു. കിഴക്കൻ സൈബീരിയൻ പ്രദേശമായ യാകുട്ടിയയുടെ തലസ്ഥാനമായ യാകുട്‌സ്കിൽ ഞായറാഴ്ച നടന്ന  പ്രതിഷേധങ്ങളിൽ 24 പേരെ അറസ്റ്റ് ചെയ്തതായി ഒവിഡി-ഇൻഫോ പോലീസ് മോണിറ്ററിംഗ് ഗ്രൂപ്പ് അറിയിച്ചു.

1719

കഴിഞ്ഞയാഴ്ച പുടിന്‍ പുതിയ സൈനിക പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം റഷ്യൻ പ്രദേശങ്ങളിലെ നിരവധി റിക്രൂട്ട്‌മെന്‍റ് സെന്‍ററുകൾക്ക് നേരെ അക്രമണങ്ങൾ നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച പുലർച്ചെ തെക്കൻ നഗരമായ വോൾഗോഗ്രാഡിലെ ഒരു ഓഫീസിന് അക്രമികൾ തീയിടാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു.

1819

നേരത്തെ റഷ്യയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഈ പ്രദേശങ്ങളില്‍ അടുത്തകാലത്തായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ പ്രസിഡന്‍റ് പുടിന്‍റെ ജനപ്രീയതയ്ക്ക് ഇടിവ് വന്നതിന്‍റെ സൂചനയാണെന്നും വിദൂര സ്ഥലങ്ങളിലെ ജനങ്ങള്‍ സര്‍ക്കാറിനെതിരെ തിരിയുകയാണെന്നും വിശകലന വിദഗ്ധർ പറയുന്നു. 

1919

യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ സാമ്പത്തികമായി പിന്നിലുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെ ഏറെ കഷ്ടപ്പാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. അതിനിടെ നിര്‍ബന്ധിത സൈനിക സേവനം കൂടി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി. 
 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories