പൊടിപൊടിച്ച് അക്ഷയ തൃതീയ വ്യാപാരം; 1500 കോടിയ്ക്ക് മുകളിൽ വിൽപന, 5 ലക്ഷത്തോളം കുടുംബങ്ങൾ ജ്വല്ലറികളിലെത്തി

Published : Apr 30, 2025, 07:20 PM IST
പൊടിപൊടിച്ച്  അക്ഷയ തൃതീയ വ്യാപാരം; 1500 കോടിയ്ക്ക് മുകളിൽ വിൽപന, 5 ലക്ഷത്തോളം കുടുംബങ്ങൾ ജ്വല്ലറികളിലെത്തി

Synopsis

ഇന്ന് 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന സൂചനകൾ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പൻ സ്വർണവ്യാപാരം നടന്നതായി റിപ്പോർട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. പരമ്പരാഗതമായ ആഘോഷ രീതികളോടെയാണ് അക്ഷയതൃതീയ സ്വർണ്ണോത്സവത്തിന് ആരംഭം കുറിച്ചത്. മിക്കവാറും എല്ലാ ജ്വല്ലറികളിലും രാവിലെ നിലവിളക്കുകൾ കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജ്വല്ലറികൾ രാവിലെ എട്ടുമണിക്ക് തന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. രാവിലെ തന്നെ സ്വർണ വ്യാപാരശാലകളിൽ സ്വർണ്ണ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു. അതേസമയം അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു.

ഇന്ന് 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന സൂചനകൾ എന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

പവന് ഇന്നത്തെ വിപണി വില  71,840  രൂപയാണ്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ സ്വർണവില 53,600 രൂപയായിരുന്നു.  18,240 രൂപയുടെ വർദ്ധനവാണ് ഒരു വർഷംകൊണ്ട് ഒരു പവൻ സ്വർണത്തിനുണ്ടായത്. അതായത് 34% വിലവർധന. നിക്ഷേപം എന്ന നിലയിൽ മികച്ച വരുമാനമാണ് കഴിഞ്ഞ ഒരു വർഷം നിക്ഷേപകർക്ക് സ്വർണ്ണത്തിൽ നിന്ന് ലഭിച്ചത്. വിലവർധനവുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്നുള്ളത് വ്യാപാരികൾക്ക് ആശ്വാസമാണ്. സ്വർണ്ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല,മികച്ച വരുമാനം കൂടിയാണെന്ന തിരിച്ചറിവാണ് സ്വർണം വാങ്ങാനുള്ളവരുടെ എണ്ണം വർദ്ധിച്ചത് എന്നാണ് വ്യാപാരികൾ അഭിപ്രായപ്പെട്ടത്. 

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്,പ്ലാറ്റിനം, സിൽവർ ആഭരണങ്ങൾ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും ഒരുക്കിയിട്ടുണ്ടായിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ സ്വർണ വ്യാപാരശാലകളിൽ ലഭ്യമായിരുന്നു. ഏറ്റവും കുറഞ്ഞ തൂക്കം സ്വർണം വാങ്ങാനെത്തുന്നവരെയും പരി​ഗണിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു