സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സംസ്ഥാനത്ത് വില കുത്തനെ ഇടിയും, കാരണം ഇത്

Published : Jun 07, 2024, 08:16 PM IST
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സംസ്ഥാനത്ത് വില കുത്തനെ ഇടിയും, കാരണം ഇത്

Synopsis

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ, ഇക്കാര്യത്തിൽ ചൈന ഇന്ത്യയെക്കാൾ മുന്നിലെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: സ്വർണവില നാളെ കുത്തനെ കുറയുമെന്ന് റിപ്പോർട്ട്. അന്തരാഷ്ട്ര സ്വർണവില 2385 ഡോളറിൽ നിന്നും 2323 ഡോളറിലേക്ക് എത്തിയതിനെ തുടർന്ന് നാളെ കേരള വിപണിയിലും വിലയിൽ വലിയ ഇടിവുണ്ടാകും. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഈ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2.5% ൽ അധികം ഇടിഞ്ഞു. 

ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 54,080 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്നലെ ഒറ്റയടിക്ക് 560  രൂപ വർധിച്ചിരുന്നു. ഇന്ന് 240  രൂപയും ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണവില 44,480 രൂപയാണ്. ഒരു വർഷം കൊണ്ട് 9,600 ഓളം രൂപയാണ് ഉയർന്നത്

സ്വർണം വാങ്ങിക്കൂട്ടുന്നതിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ചൈന. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ, ഇക്കാര്യത്തിൽ ചൈന ഇന്ത്യയെക്കാൾ മുന്നിലെത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഒരു മത്സരമാണ് നടക്കുന്നത്. 

സ്വർണവില കുത്തനെ കൂടുന്ന സമയത്താണ് ചൈന സ്വർണവിപണിയിലേക്ക് ശക്തമായി കടന്നുവരുന്നത്.  റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം,  ഗാസയിലെ യുദ്ധം എന്നിവയ്ക്ക് പിന്നാലെയാണ് സ്വർണവില വർധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കാണ് നിക്ഷേപകർ സ്വർണം വാങ്ങുന്നത്.   

ചൈന ഗോൾഡ് അസോസിയേഷന്റെ കണക്കനുസരിച്ച് ചൈനയിലെ സ്വർണ്ണ ഉപഭോഗം ആദ്യ പാദത്തിൽ തന്നെ 6% ആണ് ഉയർന്നത്. കഴിഞ്ഞ ഒരു  വർഷത്തെ വളർച്ച 9%  മാത്രമായിരുന്നു. പരമ്പരാഗത നിക്ഷേപങ്ങൾ ദുർബലമായതോടെ ചൈനക്കാർക്ക് സ്വർണം കൂടുതൽ ആകർഷകമായി. ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാണെന്നതും സ്വർണത്തോടുള്ള ചൈനക്കാരുടെ പ്രിയം വർധിപ്പിച്ചു. സ്വർണ്ണ വ്യാപാരം നടത്തുന്ന ചൈനീസ് ഫണ്ടുകളിലേക്ക് ധാരാളം  നിക്ഷേപമെത്തിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാർ  നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാനും തുടങ്ങി.  ജനുവരി-മാർച്ച് കാലയളവിൽ ആളുകൾ സ്വർണം വാങ്ങുന്നത് മുൻവർഷത്തേക്കാൾ 34 ശതമാനം കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം സ്വർണം ഖനനം ചെയ്യുന്നത് ചൈനയാണ്, എന്നിട്ട് പോലും ഉയർന്ന ഡിമാന്റ് കാരണം  വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്യേണ്ടി വരും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2800 ടണ്ണിലധികം സ്വർണമാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന വാങ്ങിയത്. ഇത് യുഎസ് ഫെഡറൽ റിസർവിന്റെ ആകെ സ്വർണശേഖരത്തിന്റെ മൂന്നിലൊന്നിന് തുല്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു, റെക്കോർഡുകൾ തകർത്ത് കയറി വെള്ളിയും
Gold Rate Today: വീണ്ടും സർവ്വകാല റെക്കോർഡിൽ സ്വർണവില; നെഞ്ച് തകർന്ന് സ്വർണാഭരണ പ്രേമികൾ