
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തി സ്വർണ്ണവും വെള്ളിയും. നിലവിൽ 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ സ്വർണം ഗ്രാമിന് 11,715 രൂപയിലും പവന് 93,720 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരാളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടക്കുന്നു.
നവംബർ 24- 93,720 രൂപ
നവംബർ 23- 92,800 രൂപ
നവംബർ 22- 92,800 രൂപ
നവംബർ 21- 91,720 രൂപ
നവംബർ 20- 92,080 രൂപ
നവംബർ 19- 95,840 രൂപ
നവംബർ 18- 97,720 രൂപ
നവംബർ 17- 99,760 രൂപ
നവംബർ 16- 1,00,320 രൂപ
നവംബർ 15- 1,00,920 രൂപ
നവംബർ 14- 1,00,920 രൂപ
വില കുറഞ്ഞപ്പോൾ നിക്ഷേപകർ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിനെ സ്വാധീനിച്ചിട്ടുള്ളത്. എന്നാൽ ഈ മുന്നേറ്റത്തിന്റെ തുടർച്ച നിർണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറൽ റിസർവിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കൻ ട്രഷറി യീൽഡും സ്വർണ്ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന PCE പണപ്പെരുപ്പ കണക്കുകൾ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളിൽ നിർണായക മാറ്റമുണ്ടാക്കാമെന്നും കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷസാധ്യതയും റഷ്യ- യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സ്വർണ്ണവിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തിൽ, കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുകയറ്റം വിപണിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും സ്വർണ്ണത്തിന്റെ അടുത്ത നീക്കം അമേരിക്കയുടെ സാമ്പത്തിക കണക്കുകൾ, ഡോളറിന്റെ ഗതി, ഫെഡറൽ റിസർവിന്റെ നിലപാട് എന്നിവയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറയുന്നു.