സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് നടപ്പാക്കുന്നതിന് സ്റ്റേ; സമരത്തിൽ നിന്നും പിന്മാറി വ്യാപരികൾ

By Web TeamFirst Published Mar 31, 2023, 5:03 PM IST
Highlights

ഹാൾമാർക്ക് ഉള്ള ഒരു ആഭരണത്തിൽ നിന്നും അത് മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടും. ഇതുണ്ടാക്കുക വലിയ നഷ്ടം 
 

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപ്പിക്കണമെന്ന  കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിർദേശത്തിന് സ്റ്റേ. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേന്‍ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ഷാജി.പി. ചാലി എച്ച്.യു.ഐ.ഡി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്. ഇത് ഇൻഡ്യയിലെ എല്ലാ സ്വർണ വ്യാപാരികൾക്കും ബാധകമായിരിക്കും. 

ഏപ്രിൽ ഒന്ന് മുതൽ എച്ച് യു ഐ ഡി ഹാൾമാർക്ക് പതിപ്പിച്ച ആഭരണങ്ങൾ വിലക്കണമെന്നും സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ എച്ച് യു ഐ ഡി പതിപ്പിക്കണമെന്നുമുള്ള കേന്ദ്ര സർക്കാർ നിർദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 

ALSO READ: മുകേഷ് അംബാനി സ്വന്തമാക്കിയ 2000 കോടിയുടെ ആഡംബര ഹോട്ടൽ; വാങ്ങലിനു പിന്നിലുള്ള ലക്ഷ്യം

സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നത്. എന്നാൽ നിലവിൽ ഹാൾമാർക്ക് ഉള്ള ഒരു ആഭരണത്തിൽ നിന്നും അത് മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണത്തിലാവുമ്പോൾ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാവുക എന്ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ഈ കാരണത്താൽ, ബിഐഎസ് നിബന്ധന അനുസരിച്ച്  ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ച ആഭരണങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്നതാണ്  ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം. രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. 

ALSO READ: പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിർദേശങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വർണ വ്യാപാരികൾ സമരത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ സ്റ്റേ ആശ്വാസകരമാണെന്നും സമര പരിപാടികളില്ലെന്നും അഡ്വ. എസ്. അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 
 

click me!