
ശരീരത്തിന്‍റെ രാഷ്ട്രീയം പച്ചയായി അനുഭവിപ്പിക്കുന്ന സിനിമയാണ് ഉണ്ണികൃഷ്‌ണന്‍ ആവള സംവിധാനം ചെയ്ത 'ഉടലാഴം'. ഗുളികന്‍ എന്ന ട്രാന്‍സ്‌ജെന്‍ററിലൂടെ ഗോത്ര ജീവിതവും ആദിവാസി സ്വത്വവും നിറത്തിന്‍റെ രാഷ്ട്രീയവും സമൂഹത്തോട് സംവദിക്കുകയാണ് സംവിധായകന്‍. മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമ കേരളത്തിലെ ആദ്യ പ്രദര്‍ശനത്തിനെത്തുമ്പോള്‍ പ്രതീക്ഷകളോടെ സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
വാണിജ്യനീതിക്ക് പുറത്തുള്ള ഉടലാഴം
ഉടലാഴം സ്‌ക്രീനില്‍ ശരീരത്തിന്‍റെ രാഷ്ട്രീയം പച്ചയായി അവതരിപ്പിക്കുന്ന സിനിമയാണ്. ഒരു തരത്തിലുമുള്ള വാണിജ്യതാല്‍പര്യങ്ങളെയും മുന്‍നിര്‍ത്തിയല്ല സിനിമ ചെയ്തത്. വാണിജ്യ നീതിക്ക് പുറത്താണ് ഉടലാഴം. പച്ച ജീവിതം എങ്ങനെ മനുഷ്യനെ അനുഭവിപ്പിക്കാനാകും എന്ന അന്വേഷണമാണ് ഈ സിനിമ.
ഉടലാഴം എന്ന പേരും രാഷ്ട്രീയവും
പതിനാലാം വയസില്‍ ഗോത്രാചാരപ്രകാരം വിവാഹം ചെയ്ത ഗുളികന്‍ എന്ന ട്രാന്‍സ്‌ജന്‍ററിന്‍റെ ശരീരത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ഉടലാഴം. ലിംഗപരമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ഒരാള്‍. നാം കേട്ടുപരിചയിച്ച ശരീര സൗന്ദര്യത്തെ കുറിച്ചുള്ള അളവുകോലുകളുണ്ട്. ഇതിന് പുറത്തുനില്‍ക്കുന്ന ഒരാളുടെ ശരീരം അപകര്‍ഷതകളും അസ്വസ്ഥതകളും നേരിടുന്നുണ്ട്. അവര്‍ മുഖ്യധാരയുടെ ഓരത്തേക്ക് നീക്കപ്പെടും. ശരീരശാസ്ത്രത്തിന് പകരം പ്രതിഭയല്ലേ ഒരാളുടെ സ്വത്വമാകേണ്ടത് എന്ന ചോദ്യം ഈ സിനിമ മുന്നോട്ടുവെക്കുന്നുണ്ട്.
കെണിയും ചതിയുമാകുന്ന ശരീരം
വെളുത്ത ശരീരമുള്ളവരെ സമൂഹം നന്നായി പരിഗണിക്കുന്നു എന്നാണ് ഗുളികന്‍ കരുതിയിരിക്കുന്നത്. ഈ ചിത്രത്തിലെ ഒരു വെളുത്ത കഥാപാത്രം പ്രധാനമായ ചോദ്യം ചോദിക്കുന്നുണ്ട്. 'ഞാന്‍ എന്നുപറഞ്ഞാല്‍ എന്‍റെ ശരീരം മാത്രമാണോ'. മറ്റൊരു കഥാപാത്രം പറയുന്നത് 'ഉടല്‍ ഒരു കെണിയാണ്, പലപ്പോഴും ചതിയാണ്' എന്നാണ്. ഈ സമൂഹത്തില്‍ ഉടല്‍ ഏങ്ങനെയാണ് ചതിയും കെണിയുമാകുന്നത് എന്ന് അന്വേഷിക്കുന്നുണ്ട്. ഗോത്രജീവിതം മാത്രമല്ല, ഗുളികനിലൂടെ മറ്റ് ശരീരങ്ങളിലേക്കുള്ള കാഴ്‌ച്ച കൂടിയാണ് ചിത്രം.
ഉടലാഴം തിരശീലയിലെ പൊളിച്ചെഴുത്ത്
നമ്മുടെ സിനിമകളില്‍ കണ്ട് പരിചയിച്ച ആദിവാസി ജിവിതങ്ങളുണ്ട്. വെളുത്ത ഉടലുകളെ കറുത്ത പെയിന്‍റടിച്ച് കറുത്ത മനുഷ്യരായി അവതരിപ്പിക്കുകയായിരുന്നു അവിടെയെല്ലാം. ആദിവാസി ഗോത്ര ജീവിതങ്ങളുടെ ജീവിതം കെട്ടുകാഴ്‌ച്ചകള്‍ മാത്രമാണ്. എന്നാല്‍ എന്തുകൊണ്ട് യഥാര്‍ത്ഥ ജീവിതങ്ങളെ ആവിഷ്‌കരിച്ചുകൂടാ എന്ന ചിന്തയാണ് ഉടലാഴത്തിലൂടെ ക്യാമറ തിരിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഉടലാഴം ആദിവാസി ജീവിതങ്ങളുടെ ഇടയില്‍നിന്ന് ദൃശ്യവല്‍ക്കരിക്കപ്പെട്ട സിനിമയാണ് എന്നതാണ് വ്യത്യസ്തഘടകം.
പ്രതീക്ഷകളുടെ ഐഎഫ്എഫ്‌കെ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഐഎഫ്‌എഫ്‌കെയിലെ പ്രദര്‍ശന ദിവസം. ഇതിന് മുന്‍പ് മുംബൈ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മികച്ച പ്രതികരണം നേടാനായി. എന്നാല്‍ ആദ്യമായി നമ്മുടെ സ്വന്തം കാഴ്‌ച്ചക്കാരുടെ മുന്നിലേക്ക് ചിത്രമെത്തുമ്പോള്‍ പ്രതീക്ഷയിലാണ്. നമ്മുടെ സംസ്‌കാരം നമുക്ക് മുന്നിലേക്ക് എത്തുന്നതാണ് ഈ പ്രദര്‍ശനത്തിന്‍റെ പ്രസക്‌തി. വിഷയമാണ് മാധ്യമമെന്ന നിലയില്‍ സിനിമയുടെ ശക്തി എന്ന് തോന്നുന്നു.