Latest Videos

സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍; ഐക്യഭാരതത്തിന്‍റെ ശില്‍പ്പി, മനുഷ്യ സ്നേഹിയായ 'ഉരുക്കു മനുഷ്യന്‍'

By Web TeamFirst Published Mar 24, 2022, 5:03 PM IST
Highlights

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍.

ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം മറക്കാത്ത പേരുകളിലൊന്നാണ്  സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍.  ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊരാളായ പട്ടേലിന്‍റെ ദീര്‍ഘവീക്ഷണവും ദര്‍‌ശനങ്ങളും ഇന്നത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. സ്വതന്ത്ര റിപ്പബ്ലിക് ആയതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍  ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളുമായ  ഉരുക്കുമനുഷ്യന്‍റെ ജീവിതം അറിയുക തന്നെ വേണം.

ജനനവും ജീവിതവും

1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത് അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. ആറ്  മക്കളിൽ നാലാമനായിരുന്നു വല്ലഭഭായി.  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈന്യത്തിൽ ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്ത ആളായിരുന്നു വല്ലഭായിയുടെ പിതാവ്.

നദിയാദ്, പെറ്റ്ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വല്ലഭായ് പട്ടേലിന്‍റെ വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ, അനീതിക്കെതിരേ ശബ്ദമുയർത്താൻ വല്ലഭായി മടിച്ചിരുന്നില്ല.  22 ആമത്തെ വയസ്സിലാണ് പട്ടേൽ തന്റെ മെട്രിക്കുലേഷൻ പൂര്‍ത്തിയാക്കുന്നത്. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹം.  കഠിനാധ്വാനം കൊണ്ട് പട്ടേൽ രണ്ടു വർഷം കൊണ്ട് ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കി. കുറേ നാളത്തെ പരിശ്രമം കൊണ്ട് ഒരു നല്ല അഭിഭാഷകൻ എന്ന പേരു സമ്പാദിക്കാൻ അദ്ദേഹത്തിനു കഴി‍ഞ്ഞു.

ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളിൽ പട്ടേൽ അഭിഭാഷകവൃത്തി ചെയ്തു. ബോസാദിലെ എഡ്വേഡ് മെമ്മോറിയൽ സ്കൂളിന്റെ സ്ഥാപകരിലൊരാളും ആദ്യ ചെയർമാനും പട്ടേലായിരുന്നു. തന്റെ 36 ആമത്തെ വയസ്സിൽ പട്ടേൽ, ലണ്ടനിലെ മിഡ്ഡിൽ ടെംപിൾ ഇന്നിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നു. ലണ്ടനിൽ നിന്നും തിരിച്ചു വന്ന പട്ടേൽ, അഭിഭാഷക മേഖലയിൽ സ്വന്തമായ ഒരു വിലാസം ഉണ്ടാക്കിയെടുത്തു.
 
ഗാന്ധിയുടെ അനുയായിയായി രാഷ്ട്രീയ പ്രവേശം

ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1917ലെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജീവിതം മാറ്റി മറിച്ചത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയും. ഗുജറാത്ത് സഭയുടെ പാര്‍ട്ടി സെക്രട്ടറി ആവുകയും ചെയ്തു. പ്ലേഗും ക്ഷാമവും ഇന്ത്യയെ വലച്ചപ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഖേദയില്‍ നികുതി ഒഴിവാക്കാനുള്ള സമരത്തില്‍ പട്ടേല്‍ പങ്കെടുത്തു. നിസ്സഹരണ പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ ഏറ്റവുമടുത്ത വ്യക്തിയായിരുന്നു പട്ടേല്‍. നിസ്സഹര പ്രസ്ഥാനത്തിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നതിനായി അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യാഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി.  1931ലെ കറാച്ചി സമ്മേളനത്തിൽ സർദാർ, കോൺഗ്രസിന്റെ പ്രസിഡന്റായി. വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സഹോദരൻ വിഠൽ ഭായ് പട്ടേലിന്റെ ശവസംസ്‌കാരത്തിന് പരോൾ ലഭിച്ചിരുന്നെങ്കിലും പട്ടേൽ, അത് നിരസിക്കുകയായിരുന്നു. 1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്‌ക്കപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം  അധികാരത്തിലേക്ക്

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ദില്ലിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍. വി.പി.മേനോൻ എന്ന മലയാളിയുടെ സഹായത്തോടെയായിരുന്നു പട്ടേലിന്‍റെ ഈ പരിശ്രമങ്ങള്‍.  തൊട്ടുകൂടായ്മ, ജാതി വിവേചനം, മദ്യപാനം എന്നിവയ്ക്കെതിരായും സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും രാജ്യത്തുടനീളം അദ്ദേഹം പങ്കുവഹിച്ചു.

സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായ പട്ടേല്‍ മരണപ്പെടുന്നത്.  1875 ഒക്ടോബർ 31 നാണ്. 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.  വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു.  ഇന്ത്യയെ പടുത്തുയര്‍ത്തിയ 'ഉരുക്കു മനുഷ്യൻ' സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ സ്മരണയ്ക്കായി രാജ്യം അദ്ദേഹത്തിന്‍റെ കൂറ്റന്‍ പ്രതിമ  2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമര്‍പ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയാണ്  ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി.

click me!