ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും തോറ്റു, കോണ്‍ഗ്രസിന് പുനര്‍ജന്മം

By Web TeamFirst Published Dec 23, 2019, 5:10 PM IST
Highlights

രണ്ട് മാസം മുന്‍പ് പോയ സംസ്ഥാന അധ്യക്ഷനടക്കം പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടുപോയിട്ടും നിയമസഭയിലെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി കോണ്‍ഗ്രസ് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 

റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ഝാര്‍ഖണ്ഡില്‍ ആറ് മാസത്തിനകം നേടിയ മിന്നും ജയം കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉപകരിക്കും.  രണ്ട് മാസം മുന്‍പ് സംസ്ഥാന അധ്യക്ഷന്‍ കളഞ്ഞിട്ട് പോയ പാര്‍ട്ടിയാണ് നിയമസഭയിലെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. 

ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവയ്ക്കുകയും പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തിരുന്നു. മുന്‍ അധ്യക്ഷന്‍മാരടക്കം സംസ്ഥാന കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും ഇതേ കാലയളവില്‍ പാര്‍ട്ടി വിട്ടു പോകുകയും ബിജെപിയിലും മറ്റു പാര്‍ട്ടികളിലും ചേരുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിന് ശേഷമായിരുന്നു പാര്‍ട്ടിയെ പൂര്‍ണമായും തകര്‍ത്ത ഈ കൂറുമാറ്റങ്ങള്‍. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസം മുന്‍പാണ്  എഐസിസി ജനറല്‍ സെക്രട്ടറി ആര്‍പിഎന്‍ സിംഗിനെ ഝാര്‍ഖണ്ഡിന്‍റെ ചുമതല നല്‍കി ഹൈക്കമാന്‍ഡ് സംസ്ഥാനത്തേക്ക് അയച്ചത്. യുപിയിലെ കോണ്‍ഗ്രസ് എംപിയായ ആര്‍പിഎന്‍ സിംഗ്  ജെഎംഎം- ആര്‍ജെഡി എന്നീ പാര്‍ട്ടികളെ ചേര്‍ത്തുള്ള മഹാസഖ്യം ശക്തിപ്പെടുത്തുകയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഎംഎം നേതാവ് ഹേമന്ത് സോറനെ പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ ദളിത്-ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ഹേമന്ത് സോറന്‍റെ വരവ് സഹായിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുകയും പ്രമുഖ നേതാക്കള്‍ വിട്ടു പോകുകയും ചെയ്തിട്ടും കോണ്‍ഗ്രസിനൊപ്പം നിന്ന അവശേഷിച്ച നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിക്കും മഹാസഖ്യത്തിനും വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 

മറുവശത്ത് മുഖ്യമന്ത്രിയായ രഘുബര്‍ ദാസിന്‍റെ പ്രതിച്ഛായ വഴി സ്ത്രീകളുടേയും ഒബിസി വിഭാഗത്തിന്‍റേയും വോട്ടുകള്‍ നേടിയെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ അഞ്ച് വര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട രഘുബാര്‍ സ്വന്തം മണ്ഡലത്തില്‍ 8418 വോട്ടുകള്‍ക്ക് ബിജെപി വിമതനും സ്വന്തം സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന സരയൂ റോയിയോട് തോറ്റു എന്നത് സംസ്ഥാന സര്‍ക്കാരിനോടുള്ള പൊതുജനങ്ങളുടെ മനോഭാവമാണ് തെളിയിക്കുന്നത്. ഈ ജനവികാരം തിരിച്ചറിയാന്‍ ബിജെപിക്ക് കഴിയാതെ പോയി. 

അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പ്രത്യേകിച്ചൊരു വികസന പദ്ധതിയും മുന്നോട്ട് വയ്ക്കാന്‍ രഘുബര്‍ ദാസിന് സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ വിഷയങ്ങളും കേന്ദ്രസര്‍ക്കാരിന്‍റെ വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് വോട്ടുകള്‍ തേടിയത്. എന്നാല്‍ അന്തിമഫലം വന്നപ്പോള്‍ ഇതൊന്നും ബിജെപിക്ക് ഗുണം ചെയ്തില്ല. 

ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടി സംവരണം ചെയ്ത 28 സീറ്റുകളില്‍ 16 എണ്ണവും ജെഎംഎമ്മാണ് ജയിച്ചത്. ആറിടത്ത് ബിജെപിയും ആറിടത്ത് മറ്റുള്ളവരും ജയിച്ചു. പട്ടികജാതി സംവരണമുള്ള 13 സീറ്റുകളില്‍ ആറിടത്ത് കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റുകളില്‍ മറ്റുള്ളവരും ജയിച്ചു. 

ആകെ അഞ്ച് ഘട്ടമായാണ് ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല്, അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് എന്നാല്‍ ഇവിടെയൊന്നും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം തുടങ്ങി കഴിഞ്ഞ ശേഷമാണ് ജാര്‍ഖണ്ഡിലെ 31 സീറ്റുകളില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു ഇവയില്‍ പലതും എന്നിട്ടും 12 സീറ്റുകള്‍ മാത്രമാണ് പാര്‍‍ട്ടിക്ക് നേടാനായത്.  

കഴിഞ്ഞ അഞ്ച് വര്‍ഷവും രഘുബര്‍ ദാസിന്‍റെ മന്ത്രിസഭയിലെ അംഗവും ബിജെപി നേതാവുമായിരുന്ന സരയൂ ദാസ് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ഈസ്റ്റ് ജംഷ്ഡപൂരില്‍ വിമതനായി മത്സരിച്ചിരുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 8000-ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ സരയൂ ദാസ് മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. നായകന്‍ തന്നെ പരാജയപ്പെട്ടതോടെ ഝാര്‍ഖണ്ഡില്‍ അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങളുടെ മുനയൊടിഞ്ഞ അവസ്ഥയാണ്. 

 

click me!