ബിഹാർ പോരിൽ എൻഡിഎ സഖ്യത്തിന് മഹാവിജയം പ്രവചിച്ച് പുതിയ സർവെ ഫലം, മഹാസഖ്യത്തിന് വമ്പൻ തിരിച്ചടിയെന്നും ദൈനിക് ഭാസ്കർ പ്രവചനം

Published : Nov 04, 2025, 10:22 AM IST
Bihar Elections

Synopsis

എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം

പട്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്നവസാനിക്കാനിരിക്കെ ഏറ്റവും പുതിയ സർവെ ഫലം പുറത്ത്. എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം. തേജസ്വി യാദവും രാഹുൽ ഗാന്ധിയും നടത്തുന്ന വമ്പൻ പ്രചരണങ്ങളൊന്നും ബിഹാർ ജനതയുടെ മനം കവരില്ലെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നേരിട്ട് നയിക്കുന്ന പ്രചരണം എൻ ഡി എക്ക് കരുത്താകുമെന്നും ദൈനിക് ഭാസ്കർ ചൂണ്ടികാട്ടുന്നു.

കൊട്ടിക്കലാശം ഇന്ന്

അതേസമയം ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. പറ്റ്ന അടക്കം 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020 ൽ ഈ മേഖലയിലെ 121 ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. പ്രചരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി ബീഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ബീഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെ പി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.

മോദിയും രാഹുലും തമ്മിൽ വാക്ക് പോര്

ബീഹാറിൽ ആദ്യഘട്ട പ്രചാരണത്തിൽ മഹാസഖ്യത്തെ കടന്നാക്രമിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കോൺഗ്രസിനെ തോക്കിൻ മുനയിൽ നിർത്തിയാണ് ആർ ജെ ഡി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം നേടിയതെന്നടക്കം മോദി ആരോപിച്ചു. പാറ്റ്നയിൽ റോഡ്ഷോ നടത്തിയുള്ള പ്രചാരണത്തിനിടെയാണ് മോദി, മഹാ സഖ്യത്തെ കടന്നാക്രമിച്ചത്. മോദിയെ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്നത് അദാനിയും അംബാനിയുമാണെന്നായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തിരിച്ചടി. ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ ജെ ഡി യു സ്ഥാനാർത്ഥി അറസ്റ്റിലായത് ആയുധമാക്കിയും മഹാ സഖ്യം പ്രചരണം ശക്തമാക്കിയിട്ടുണ്ട്. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറിയാണ് ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്.

ആനന്ദ് സിംഗിന്‍റെ അറസ്റ്റ് ആയുധമാക്കി മഹാസഖ്യം

പറ്റ്നയ്ക്കടുത്ത് മൊകാമ സീറ്റിലെ ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിം​ഗ് അറസ്റ്റിലായത് വൻ രാഷ്ട്രീയ തർക്കത്തിന് ഇടയാക്കുകയാണ്. ജൻസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ ആനന്ദ് സിം​ഗിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. നിരവധി കേസുകളിൽ പ്രതിയായ ആനന്ദ് സിം​ഗ് രണ്ടായിരത്തി ഇരുപതിൽ വിജയിച്ച ശേഷം ആയുധങ്ങൾ കൈവച്ച കേസിൽ ശിക്ഷിക്കപ്പെട്ട് അയോ​ഗ്യനായിരുന്നു. ഹൈക്കോടതി വെറുതെവിട്ടതോടെയാണ് ഇത്തവണ മത്സരിക്കാൻ വഴിയൊരുങ്ങിയത്. ജം​ഗിൾ രാജെന്ന ജെ ഡി യുവിന്റെയും ബി ജെ പിയുടെയും പ്രചാരണം ചെറുക്കാൻ ആനന്ദ് സിം​ഗിന്റെ അറസ്റ്റ് മഹാസഖ്യം ആയുധമാക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് വിഷയത്തിൽ ജെ ഡി യു പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം