
ദില്ലി : സർക്കാർ നിശ്ചയിച്ചതിലും പഴക്കമുള്ള വാഹനങ്ങൾക്ക് പമ്പുകളിൽ ഇന്ധനം വിലക്കിയ നടപടി ദില്ലി സർക്കാർ റദ്ദാക്കി. നടപടിക്കെതിരെ പൊതുജനങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചത്. ലക്ഷക്കണക്കിന് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്ന നടപടി ഉടൻ നിർത്തിവയക്കുകയാണെന്നും, മലിനീകരണം കുറയ്ക്കാൻ സമഗ്രമായ മറ്റു രീതികൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദില്ലി സർക്കാർ വായുമലിനീകരണ മേൽനോട്ട സമിതിക്ക് കത്ത് നൽകി.
പഴയ വാഹനങ്ങളെ കണ്ടെത്താൻ പമ്പുകളിൽ സ്ഥാപിച്ച ക്യാമറകളിലടക്കം സാങ്കേതിക തകരാർ വ്യാപകമാണെന്നും, അയൽ സംസ്ഥാനങ്ങളിൽ ഇത്തരം നിയന്ത്രണമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വായുമലിനീകരണ മേൽനോട്ട സമിതിയുടെ നിർദേശ പ്രകാരം ഈ മാസം ഒന്നാം തീയതി മുതലാണ് പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും, പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും രാജ്യതലസ്ഥാനത്ത് ഇന്ധനം വിലക്കിയത്. നിയന്ത്രണം നടപ്പാക്കിയ രണ്ട് ദിവസത്തിനിടെ 87 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.