
ജയ്പൂർ: രാജസ്ഥാനില്‍ മുന്‍ ബിഎസ്എഫ് ജവന്‍ ഭാര്യാസഹോദരനെ വെടിവെച്ചു കൊന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം ജീവനൊടുക്കുകയും ചെയ്തു. രാജസ്ഥാനിലെ നാഗരുവിലാണ് ദാരുണമായ സംഭവം. മന്‍രൂപ് എന്ന 48 കാരനാണ് കൊലപാതകം നടത്തിയത്. ഭാര്യയുടെ കുടുംബം ഭാര്യയെ തന്നില്‍ നിന്ന് അകറ്റുന്നു എന്ന ധാരണയ്ക്ക് പിന്നാലെയാണ് ക്രൂരമായ കൊലപാതകവും ആത്മഹത്യയും ഉണ്ടായത്.
ലൈസന്‍സുള്ള തന്‍റെ തോക്ക് ഉപയോഗിച്ചാണ് മന്‍രൂപ് കൊലപാതകം നടത്തിയത്. അതേ തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറയുന്നത് കുടുംബ പ്രശ്നം മന്‍രൂപിനെ മാനസികമായി തളര്‍ത്തിയിരുന്നെന്നാണ്. പ്രശ്നങ്ങള്‍ കാരണം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു.
കൊലപാതകത്തിന് മുന്‍പ് മന്‍രൂപ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. അതില്‍ തന്‍റെ കുടുംബം തകരുന്നതിന് ഭാര്യ വീട്ടുകാരാണ് കാരണക്കാര്‍ എന്നാണ് പറയുന്നത്. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.