
ദില്ലി: ഗവർണ്ണറുടെ വിവേചനാധികാരം സംബന്ധിച്ച സുപ്രീംകോടതിയുടെ ഏറ്റവും പുതിയ വിധി സ്വാഗതം ചെയ്യുന്നതായി ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ ബോസ്. കോടതി വിധിയിലൂടെ ഗവർണ്ണർ വെറുമൊരു 'റബ്ബർ സ്റ്റാമ്പല്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണ്ണറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതെന്നും, സുപ്രീംകോടതി നിർദ്ദേശിച്ച നിയമവഴികളിലൂടെ മാത്രമാണ് ബംഗാൾ രാജ്ഭവൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നിയമസഭ പാസാക്കുന്ന ഒരു ബിൽ പോലും തടഞ്ഞുവെക്കാറില്ലെന്നും ഗവർണ്ണർ ആനന്ദ ബോസ് കൂട്ടിച്ചേർത്തു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണ്ണർക്കും സമയപരിധി നിശ്ചയിച്ചത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് തള്ളുകയായിരുന്നു. ഭരണഘടനയിലില്ലാത്ത കാര്യം കോടതിക്ക് നിർദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ വ്യക്തമാക്കി. രാഷ്ട്രപതിയും ഗവർണ്ണറും ന്യായീകരണമില്ലാതെ ബില്ലുകൾ പിടിച്ചു വച്ചാൽ കോടതിക്ക് ഇടപെടാം. എന്നാൽ ഗവർണ്ണർ ഒപ്പു വയ്ക്കാത്ത തമിഴ്നാട്ടിലെ ബില്ലുകൾക്ക് കോടതി അംഗീകാരം നല്കിയത് ഭരണഘടന വിരുദ്ധമെന്നും അഞ്ചംഗ ബഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.