
ദില്ലി: ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹൽഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.
ഇന്ത്യ - പാക് ഡി ജി എം ഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യു എൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരമേറ്റ ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെ ഇ എം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നതാണ്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. 2000 ത്തിൽ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999 ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു മസൂദ് അസർ.