
ദില്ലി: സോണിയാ ഗാന്ധിയെ മാതൃകയാക്കി നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ അമ്മയോട് അഭിഭാഷക ഇന്ദിരാ ജയ്സിംഗ്. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം തന്‍റെ മുന്നില്‍ വയ്ക്കാന്‍ ആരാണ് ഇന്ദിരാ ജയ്സിംഗ് എന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം.
ട്വിറ്ററിലൂടെയാണ് ഇന്ദിരാ ജയ്സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദില്ലി കോടതി പ്രതികളെ തൂക്കിലേറ്റുന്നത് നീട്ടിവച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ആശാദേവി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷക പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടത്.
''ആശാദേവിയുടെ വേദന പൂര്‍ണ്ണമായും മനസ്സിലാക്കുമ്പോഴും നളിനിക്ക് വധശിക്ഷ നല്‍കേണ്ടെന്ന നിലപാടെടുക്കുകയും മാപ്പ് നല്‍കുകയും ചെയ്ത സോണിയാഗാന്ധിയെ മാതൃകയാക്കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. പക്ഷേ വധശിക്ഷയ്ക്ക് എതിരാണ്'' - ഇന്ദിരാ ജയ്സിംഗ് കുറിച്ചു.
'' എനിക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ ആരാണ് ഇന്ദിരാ ജയ്സിംഗ് ? ഈ രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത് കുറ്റക്കാരെ തൂക്കിലേറ്റാനാണ്. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കാത്തത് ഇന്ദിരാ ജയ്സിംഗിനെപ്പോലുള്ളവര്‍ ഉള്ളതുകൊണ്ടാണ്'' - ആശാ ദേവി പ്രതികരിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി താൻ നീതിക്ക് വേണ്ടി പോരാടുകയാണെന്നും പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അതായിരിക്കും തന്‍റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട ദിവസമെന്നും നേരത്തെ ആശാ ദേവി പറഞ്ഞിരുന്നു.
നേരത്തേ ജനുവരി 22 നാണ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ദില്ലി കോടതി ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. കുറ്റവാളികള്‍ തൂക്കിലേറ്റപ്പെടുന്നതുവരെ ഞാന്‍ സംതൃപ്തയായിരിക്കില്ലെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിരുന്നു.
2012 ഡിസംബര്‍ 16 ന് അര്‍ദ്ധരാത്രിയിലാണ് 23 കാരിയായ നിര്‍ഭയയെന്ന് പിന്നീട് അറിയപ്പെട്ട യുവതിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തത്. ആറ് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചു. ബാക്കി അഞ്ച് പേര്‍ക്ക് വധശിക്ഷയും വിധിച്ചു. അഞ്ചിലൊരാളായ റാം സിംഗ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസില്‍ വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവര്‍ക്കാണ് വധ ശിക്ഷ വിധിച്ചിരിക്കുന്നത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ വച്ചാണ് നിര്‍ഭയ മരിച്ചത്.