ഹിന്ദു സംഘടനാ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകം; എൻഐഎ അന്വേഷിക്കും, പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

Published : Jun 09, 2025, 03:05 PM ISTUpdated : Jun 09, 2025, 03:07 PM IST
Suhas Shetty

Synopsis

കാറിലും പിക്ക്-അപ്പ് വാഹനത്തിലുമായി എത്തിയ അക്രമികൾ ഷെട്ടിയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.

മം​ഗളൂരു: കഴിഞ്ഞ മാസം കർണാടകയിലെ മംഗളൂരുവിൽ ഹിന്ദു പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് കേസ് എൻഐഎ അന്വേഷിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ ഭീകരത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് ഒന്നിന് മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാജ്‌പെയിലെ കിന്നിപദാവുവിൽ വെച്ചാണ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. 

സുഹൃത്തുക്കൾക്കൊപ്പം കാറിൽൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം. കാറിലും പിക്ക്-അപ്പ് വാഹനത്തിലുമായി എത്തിയ അക്രമികൾ ഷെട്ടിയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കേസിൽ ഉൾപ്പെട്ട പ്രതികൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) അംഗങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുഹാസ് ഷെട്ടി (42) വിവിധ പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആക്രമണം, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

2022-ൽ ഫാസിൽ എന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രധാന പ്രതിയായിരുന്നു സുഹാസ്. ഈ സംഭവത്തിന് ശേഷം മേഖലയിൽ വർഗീയ സംഘർഷം രൂക്ഷമായി. ഷെട്ടിയുടെ കൊലപാതകവും ദക്ഷിണ കന്നഡ ജില്ലയിലുടനീളം വ്യാപകമായ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം