
ദില്ലി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ത്രിവർണ പതാക വീശിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലം, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ പ്രധാന ഘടകമാണ്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫൽ ടവറിനേക്കാൾ ഉയരത്തിൽ ഉയർന്നുനിൽക്കുന്നു.
1486 കോടി രൂപയാണ് നിർമാണ ചെലവ്. 1,315 മീറ്ററാണ് നീളം. ചെനാബ് പാലം ഇന്ത്യയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെ പുനർനിർവചിക്കുക മാത്രമല്ല, എഞ്ചിനീയറിംഗ് മികവിന്റെ ആഗോള ഭൂപടത്തിൽ രാജ്യത്തെ പ്രധാന സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യും. കത്രയ്ക്കും ശ്രീനഗറിനും ഇടയിലാണ് ചെനാബ് പാലം. 46,000 കോടി രൂപയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന്പ്പെ മോദി പറഞ്ഞിരുന്നു. ചെനാബ് റെയിൽ പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തും. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിൽ ഇന്ത്യയിലെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായി ചെനാബ് ഉയർന്നു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.