
മെക്സിക്കോ: എട്ട് പേരെ കൊലപ്പെടുത്തിയ കുറ്റവാളിയെ കണ്ട് അമ്പരന്ന് പൊലീസ്. മെക്സിക്കോയില്‍ മയക്കുമരുന്ന് അനുബന്ധിയായ എട്ട് പേരെ കൊല ചെയ്തത് 14 വയസുകാരന്‍. എല്‍ ചപീറ്റോ എന്ന് ഇരട്ടപ്പേരുള്ള 14കാരനാണ് മെക്സിക്കോ നഗരത്തിന് സമീപത്ത് വച്ച് എട്ട് പേരെ കൊലപ്പെടുത്തിയത്. മെക്സിക്കോയിലെ ചിമാല്‍ഹുകാന്‍ എന്ന സ്ഥലത്ത് വച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഒരു കുടുംബത്തിന് നേരെ വെടിവച്ചത്. വീട്ടില്‍ ഒരു ജന്മദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്. 14 കാരനടക്കമുള്ള ഗ്യാങ്ങിലെ ഏഴ് പേരെയാണ് ജനുവരിയില്‍ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അറസ്റ്റിലായ 14കാരന്‍റെ പേര് പുറത്ത് വിട്ടിട്ടില്ല. നേരത്തെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എല്‍ ചാപോ ഗുസ്മാന്‍റെ സംഘത്തിലുള്ളയാളാണ് ഈ 14കാരന്‍. കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് മാഫിയകള് തമ്മിലുള്ള പോരില്‍ കരാര്‍ കൊലപാതകവും തട്ടിക്കൊണ്ട് പോകലുമെല്ലാം മെക്സിക്കോയില്‍ സാധാരണമാണ്. 2010ലും സമാനമായ ഒറു സംഭവമുണ്ടായിരുന്നു. അന്ന് കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 14കാരന്‍ മയക്കുമരുന്ന് മാഫിയകളുടെ പിടിയിലായിരുന്നു. ജനുവരി മാസത്തില്‍ മെക്സിക്കോയില്‍ സ്യൂഡോസ്‍വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 10 പേര്‍ ജയില്‍ ഉദ്യോഗസ്ഥരും 4 പേര്‍ കുറ്റവാളികളുമായിരുന്നു.
വെടിവയ്പ്പിനിടെ 24 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തടവു പുള്ളികളെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയില്‍ കടന്ന സായുധ സംഘമായിരുന്നു ജയില്‍ വെടിവയ്പ്പിന് പിന്നില്‍. വാഹനങ്ങളില്‍ ആയുധങ്ങളുമായി വന്‍ സന്നാഹത്തോടെയാണ് സംഘം ജയിൽ പരിസരത്ത് എത്തിയത്. വാഹനങ്ങളില്‍ എത്തിയ ആയുധധാരികള്‍ ആദ്യം പൊലീസിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ജയിലിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വെടിവെയ്പ്പിന് പിന്നാലെ ഇവര്‍ പുറത്ത് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടരുകയും നാല് പേരെ പിടികൂടുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam