എങ്ങും കണ്ണീർ മാത്രം, നഷ്ടമായത് 1411 മനുഷ്യ ജീവൻ; രക്ഷാപ്രവർത്തനം തുടരവെ ഭുരന്തത്തിന്‍റെ ആക്കം കൂട്ടി വീണ്ടും ഭൂകമ്പം, ആശങ്കയിൽ അഫ്ഗാൻ

Published : Sep 02, 2025, 11:12 PM IST
afgan

Synopsis

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പത്തിൽ മരണസംഖ്യ 1411 ആയി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും ഭൂചലനം ഉണ്ടായത് ആശങ്ക വർധിപ്പിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സഹായവുമായി രംഗത്തെത്തി

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ മേഖലയെ ഉലച്ച അതിശക്തമായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ 1411 മരണം സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. അതിനിടെ ആശങ്ക കനപ്പിച്ച് അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ്. അതേസമയം അഫ്ഗാനിലേക്ക് ഇതിനകം 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ആയിരം ടെന്‍റുകളും ഇന്ത്യ അയച്ചുകഴിഞ്ഞു. ഇന്നുമുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സഹായം ഇന്ത്യയില്‍ നിന്ന് അയക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി.

വിശദവിവരങ്ങൾ ഇങ്ങനെ

ഹിന്ദുകുഷ് പര്‍വത മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന കുനാര്‍, നംഗര്‍ഹര്‍ പ്രവിശ്യകളെയാണ് ഞായറാഴ്ച രാത്രിയുണ്ടായ ഭൂകന്പം രൂക്ഷമായി ബാധിച്ചത്. ഒട്ടേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. എന്നാല്‍ നാശനഷ്ടമുണ്ടായ വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നുണ്ട്. ഇതുവരെ 40 സൈനിക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടു വന്നതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന്‍ ഭരണകൂടത്തെ കഴിഞ്ഞ ദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍. ഡോക്ടർമാരില്ലാതെയും ആശുപത്രികള്‍ ഇല്ലാതെയും അഫ്ഗാൻ ജനത ഭൂകമ്പത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ആയിരം ടെന്‍റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യ വസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ഇന്ന് മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം ആരംഭിച്ചാൽ വാഹനങ്ങളും വീടും സൈന്യം ഏറ്റെടുക്കും, പൗരൻമാർക്ക് എമർജൻസി അറിയിപ്പ്; നോർവേക്ക് ഭീഷണി റഷ്യയോ, ട്രംപോ?
ഇന്ത്യയുടെ നിർണായക നീക്കം, കടുത്ത തീരുമാനം സുരക്ഷാ വെല്ലുവിളി പരിഗണിച്ച്; നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കും