
ധാക്ക: 1971 ലെ വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വംശഹത്യയിൽ പത്ത് ലക്ഷത്തിലധികം സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത കേസ് രണ്ടുതവണ പരിഹരിച്ചതായി പാകിസ്ഥാൻ. 1974 ലും 2000 കളുടെ തുടക്കത്തിലും ബംഗ്ലാ സംസാരിക്കുന്ന ആളുകളെ കൂട്ടക്കൊല ചെയ്തതും ലക്ഷക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തതും രണ്ടുതവണ ഒത്തുതീർപ്പാക്കിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. അതേസമയം, പാകിസ്ഥാൻ സൈന്യം ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഔദ്യോഗികമായി ക്ഷമാപണം നടത്തിയതിന് തെളിവ് സമർപ്പിച്ചിട്ടില്ല. പാകിസ്ഥാനും ബംഗ്ലാദേശും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ബംഗ്ലാദേശ് ഇടക്കാല സർക്കാർ ദാറിന്റെ അവകാശവാദത്തിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്തില്ല. കാലക്രമേണ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ സമ്മതിച്ചുവെന്ന് മാത്രമാണ് ബംഗ്ലാദേശ് സർക്കാർ പ്രതികരിച്ചത്. അനുരഞ്ജന ചർച്ചകളിൽ പതിറ്റാണ്ടുകളായി ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്ന ഔദ്യോഗിക ക്ഷമാപണത്തിന് അവർ ഇപ്പോഴും നിർബന്ധം പിടിക്കുന്നില്ലെന്നതാണ് സൂചന.
ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായതിനുശേഷം പാകിസ്ഥാൻ പിടിച്ചെടുത്ത സ്വത്തുക്കൾ തിരികെ നൽകുക, കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനികളെ തിരിച്ചയയ്ക്കുക, 1970 ലെ ചുഴലിക്കാറ്റ് ഇരകൾക്കുള്ള വിദേശ സഹായം കൈമാറുക എന്നിവയാണ് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം മറ്റ് പ്രധാന വിഷയങ്ങൾ.
പരിഹരിക്കാത്ത പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ആദ്യത്തെ ഒത്തുതീർപ്പ് 1974-ൽ നടന്നുവെന്ന് ശനിയാഴ്ച ധാക്കയിൽ എത്തിയ ദാർ പറഞ്ഞു. ജനറൽ പർവേസ് മുഷറഫ് ഇവിടെയെത്തി പ്രശ്നം പരസ്യമായി പരിഹരിച്ചു. പ്രശ്നം 1974-ലും, വീണ്ടും 2000-കളുടെ തുടക്കത്തിലും പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിഹരിക്കാത്ത എല്ലാ പ്രശ്നങ്ങളും ദാറുമായി ഉന്നയിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എംഡി തൗഹിദ് ഹൊസൈൻ പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അവ പരിഹരിക്കാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 54 വർഷമായി അടിഞ്ഞുകൂടിയ പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാൻ കഴിയില്ല. എന്നാൽ കാലക്രമേണ അവ പരിഹരിക്കാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയ ജൂലൈ പ്രക്ഷോഭത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ഉൾപ്പെടെ 40 പേർക്ക് കൈകാലുകൾ മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള നൂതന വൈദ്യചികിത്സ പാകിസ്ഥാൻ നൽകുമെന്ന് ദാർ പറഞ്ഞു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് യൂനസിനെയും സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പുനരുജ്ജീവനം, യുവജന ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കൽ, കണക്റ്റിവിറ്റി വർദ്ധിപ്പിക്കൽ, വ്യാപാര-സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കൽ എന്നിവ ചർച്ചയിൽ ഉൾപ്പെട്ടു.